പത്തനംതിട്ട : നവകേരളനിര്‍മിതിയുടെ ഭാഗമായി ജനങ്ങളുമായി സംവദിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക് എത്തുന്ന നവകേരളസദസ് പത്തനംതിട്ട ജില്ലയില്‍ ഡിസംബര്‍ 16, 17 തീയതികളില്‍ നടക്കുമെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന നവകേരളസദസ് ജില്ലാതല ആലോചനാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഡിസംബര്‍ 16ന് വൈകിട്ട് ആറിന് തിരുവല്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 17 ന് നാലു നിയമസഭ മണ്ഡലങ്ങളില്‍ ബഹുജനസദസ് നടക്കും. ഇതിനായുള്ള സംഘാടക സമിതി യോഗം റാന്നി നിയോജക മണ്ഡലത്തില്‍ 20 നും ആറന്മുള, തിരുവല്ല, അടൂര്‍, കോന്നി മണ്ഡലങ്ങളില്‍ 25 നും ചേരും. മണ്ഡലാടിസ്ഥാനത്തില്‍ യോഗം നടത്തിയതിനു ശേഷം ഒക്ടോബര്‍ 31 ന് പഞ്ചായത്ത് സംഘാടകസമിതി യോഗം ചേരും.
നവകേരളസദസിന്റെ സംസ്ഥാനതല നടത്തിപ്പു ചുമതല ദേവസ്വം, പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക ക്ഷേമ, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനും ജില്ലയുടെ ചുമതല ജില്ലാ കളക്ടറിനുമാണ്. അതത് മണ്ഡലങ്ങളില്‍ എം എല്‍ എ മാര്‍ ചെയര്‍മാന്‍മാരാകും. തിരുവല്ലയില്‍ സബ് കളക്ടര്‍, അടൂരില്‍ ആര്‍ ഡി ഒ, അറന്മുളയില്‍ എ ഡി എം, റാന്നിയില്‍ റാന്നി തഹസീല്‍ദാര്‍, കോന്നിയില്‍ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്നിവര്‍ കണ്‍വീനര്‍മാരാകും. പഞ്ചായത്തുതലത്തില്‍ പഞ്ചായത്തു പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി നോഡല്‍ ഓഫീസറുമാകും.
നവകേരളസദസ് എല്ലാവരേയും ഉള്‍ക്കൊള്ളിക്കുന്നതാണ്. എല്ലാവരും ഒന്നിച്ചു നിന്ന് കേരളത്തിന്റെ ഭാവി വികസനം, ജനക്ഷേമം എന്നിവ ചര്‍ച്ച ചെയ്യണം. വളരെ പ്രതീക്ഷയോടെയാണ് സര്‍ക്കാര്‍ ഇതിനെ കാണുന്നത്. ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമാണ് എല്ലാ നിയോജകമണ്ഡലങ്ങളിലും പര്യടനം നടത്തുന്നത്. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും മണ്ഡലം കേന്ദ്രീകരിച്ച് ബഹുജനസദസും നടത്തും.
നവകേരള സദസില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമരസേനാനികള്‍, ജനപ്രതിനിധികള്‍, മുന്‍ ജനപ്രതിനിധികള്‍, മഹിളാ- യുവജന-വിദ്യാര്‍ഥി വിഭാഗത്തില്‍നിന്ന് പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, അവാര്‍ഡ് ജേതാക്കള്‍, വിവിധ മത-സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. എം എല്‍ എ മാരായ അഡ്വ. മാത്യു ടി തോമസ്, അഡ്വ. പ്രമോദ് നാരായണ്‍, അഡ്വ. കെ. യു. ജനീഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധി ഡി. സജി, എ ഡി എം ബി രാധാകൃഷ്ണന്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.