പുതിയ അപ്ഡേഷനുമായി ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ട് ബാർഡ്. ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, ഉറുദു തുടങ്ങിയ ഇന്ത്യൻ ഭാഷകളിൽ ഇനി ബാർഡിന്റെ സേവനം ലഭ്യമാണ്. ആകെ നാൽപ്പതിൽ അധികം ഭാഷകളിൽ ബാർഡ് ലഭിക്കും. ബ്രസീലിലും യൂറോപ്പിലെ ചില പ്രദേശങ്ങളിലും കൂടെ ഇവരുടെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരിയിലായിരുന്നു ഗൂഗിൾ ബാർഡ് പുറത്തിറക്കിയത്. ശേഷം വരുന്ന ഏറ്റവും വലിയ വിപുലീകരണമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഓപ്പണ്‍ എഐയുടെ ചാറ്റ്ജിപിറ്റി മാതൃകയിലാണ് ഗൂഗിൾ ബാർഡിന് രൂപം നൽകിയിരിക്കുന്നത്. നവംബറിൽ പുറത്തിറക്കിയ ചാറ്റ്ജിപിറ്റി ലോകമെമ്പാടും തരംഗം ആയിരുന്നു. ഭാഷ മാറ്റുന്നതിന് പുറമെ ഫോട്ടോ നിർദേശങ്ങൾ ചേർക്കാനുള്ള ഓപ്ഷനും പുതിയ അപ്ഡേറ്റിൽ ബാർഡ് നൽകിയിട്ടുണ്ട്.
നിലവിൽ ചാറ്റ്ജിപിറ്റിയിൽ ഇമേജ് നിർദ്ദേശങ്ങൾ നടപ്പിലാക്കാനായി പണം നൽകേണ്ടതുണ്. ഈ സേവനം ആണ് ബാർഡ് നിലവിൽ സൗജന്യമായി നൽകുന്നത്. എന്നാൽ ഫോട്ടോ നിർദേശങ്ങൾ നിലവിൽ ഇംഗ്ലീഷിൽ മാത്രമാണ് ലഭ്യമാകു. അധികം വൈകാതെ തന്നെ ഈ ഓപ്ഷനിലും മറ്റു ഭാഷകൾ ചേർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രോംപ്റ്റർ രീതിയിൽ ആയിരിക്കും ചിത്രങ്ങൾ ഇതിൽ ഉപയോഗിക്കുക. സർച്ച് ബാറിനടുത്തുള്ള ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഉപഭോക്താക്കൾക്ക് ബാർഡിൽ ചിത്രങ്ങൾ അപ് ലോഡ് ചെയ്യാൻ സാധിക്കും. ഇമേജുകൾ ഡീകോഡ് ചെയ്യാനും ഫീച്ചറുകൾ സഹായിക്കും. ഉദാഹരണമായി നിങ്ങൾ ഒരു ഭക്ഷണത്തിന്റെ ചിത്രമാണ് അപ് ലോഡ് ചെയ്യുന്നത് എന്ന് വിചാരിക്കുക. ഈ ഭക്ഷണം എങ്ങനെ ഉണ്ടാക്കാമെന്നും ഇതിന് വേണ്ട ചേരുവകൾ എന്തെല്ലാമാണെന്നും ബാർഡിനോട് ആവശ്യപ്പെടുക. ബാർഡ് ചിത്രങ്ങൾ അടക്കം വിശദവിവരങ്ങൾ മറുപടിയായി നൽകുന്നതാണ്. സർച്ച് ബാറിനടുത്തുള്ള ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്താൽ ഉപഭോക്താക്കൾക്ക് ബാർഡിൽ ചിത്രങ്ങൾ അപ് ലോഡ് ചെയ്യാൻ സാധിക്കും. ഇമേജുകൾ ഡീകോഡ് ചെയ്യാനും ഫീച്ചറുകൾ സഹായിക്കും.
നിങ്ങൾക്ക് ഒരു ചിത്രത്തിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കണമെങ്കിൽ ബാർഡിന്റെ സഹായം തേടാമെന്ന് ഗൂഗിളിന്റെ ഒരു കുറിപ്പിൽ പറയുന്നു. നിലവിൽ ഈ ഫീച്ചർ ഇംഗ്ലീഷിൽ മാത്രമാണെന്നും അധികം വൈകാതെ തന്നെ മറ്റുഭാഷകളിൽ ഈ സേവനം ലഭ്യമാകുമെന്നും ഈ കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു. ചാറ്റ്ജിപിറ്റിയിൽ നിന്ന് വ്യത്യസ്തമായി പോയിന്റുകളായിട്ടാണ് ബാർഡിൽ നിന്ന് പ്രതികരണങ്ങൾ ആദ്യം ലഭിക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള തരത്തിൽ മറുപടിയുടെ ശൈലി മാറ്റാനുള്ള സജ്ജീകരണങ്ങളും ബാർഡിൽ ഉണ്ട്. ബാർഡ് നൽകുന്ന മറുപടിയുടെ മുകൾ വശത്തെ ത്രിഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്താൽ ഈ സൗകര്യം നിങ്ങൾക്ക് ലഭിക്കും. 5 വ്യത്യസ്ഥ ഓപ്ഷനുകളിൽ നിങ്ങൾക്ക് മറുപടികൾ തിരഞ്ഞെടുക്കാം. വളരെ ലളിതമായവ, നീളമുള്ളവ, ഏറ്റവും ചെറിയ രീതിയിൽ, പ്രൊഫഷണൽ രീതിയിൽ, കാഷ്വൽ രീതിയിൽ എന്നിങ്ങനെ മറുപടികൾ മാറ്റിയെടുക്കാം.