വടശ്ശേരിക്കര : വടശ്ശേരിക്കര അയ്യപ്പാ മെഡിക്കല്‍ കോളേജില്‍ ഇന്നോ നാളെയോ ചെന്നാല്‍ ആളൊന്നുക്ക് 500 രൂപയും ആഹാരവും കിട്ടും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമൊക്കെ ചെല്ലാം. രോഗമില്ലാത്തവര്‍ക്കും ചെല്ലാം. ആശുപത്രിയില്‍ രണ്ടുദിവസമായി ഇന്‍സ്പെക്ഷന്‍ നടക്കുകയാണ്. പരിശോധന നടക്കുന്ന സമയത്ത് ആശുപത്രിയില്‍ രോഗികള്‍ ഉണ്ടാകണം. ഇല്ലെങ്കില്‍ മെഡിക്കല്‍ കോളേജിന്റെ അനുമതികള്‍ നഷ്ടപ്പെടും. ഇതിനുവേണ്ടിയാണ് രോഗമില്ലാത്തവരെ കൂലി കൊടുത്ത് ആശുപത്രി ഒ.പി യില്‍ എത്തിച്ച് പരിശോധിക്കുന്നതും മരുന്നുകള്‍ നല്‍കുന്നതും. ഇതുമൂലം ആളും അനക്കവും ഇല്ലാതിരുന്ന വടശ്ശേരിക്കര അയ്യപ്പാ മെഡിക്കല്‍ കോളേജ് പരിസരത്ത് രണ്ടുദിവസമായി നല്ല തിരക്കാണ്. ആശുപത്രിയിലെ ജീവനക്കാര്‍ പരിചയക്കാരെ നേരിട്ടുവിളിച്ചാണ് ഈ ബമ്പര്‍ ഓഫറിനെക്കുറിച്ച് രഹസ്യമായി പറയുന്നത്. വിവരം അറിയുന്നവര്‍ ബന്ധുക്കളെയും അയല്‍വാസികളെയും അറിയിക്കും. ഇന്‍സ്പെക്ഷന്‍ സമയത്ത് രോഗികളുടെ തിരക്കാണ് ഇവിടെ. മെഡിക്കല്‍ എത്തിക്സിനു വിരുദ്ധമാണ് ഈ നടപടികള്‍.
ഇന്ന് രാവിലെ ആശുപത്രി ഒ.പി യില്‍ കുടുംബമായി എത്തിയ ഒരു വീട്ടമ്മ മനസ്സു തുറന്നു. 500 രൂപയും ഭക്ഷണവും ലഭിക്കുമെന്നും എത്രയും പെട്ടെന്ന് ഓട്ടോ വിളിച്ചു വരുവാനും ഇവര്‍ പറഞ്ഞു. കുട്ടികളെയും കൊണ്ടാണ് ഇവര്‍ എത്തിയത്. രോഗമില്ലാത്തവര്‍ക്ക് കുത്തിവെപ്പ് എടുക്കുമോ എന്ന് ചോദിച്ചപ്പോള്‍ അങ്ങനെയൊന്നും ഇല്ലെന്നും ആശുപത്രിക്കാര്‍ പറയുമ്പോള്‍ പരിശോധനക്ക് കട്ടിലില്‍ കിടന്നാല്‍ മതിയെന്നും ഇന്‍സ്പെക്ഷനു വരുന്നവര്‍ ചോദിച്ചാല്‍ അസുഖം ഉണ്ടെന്നു പറയണമെന്നും ഇവര്‍ പറഞ്ഞു. തന്നെ വിളിച്ചത് ആശുപത്രിയിലെ ഒരു ജീവനക്കാരി ആണെന്നും ഇവര്‍ വെളിപ്പെടുത്തി. നാളെക്കൂടി മാത്രമേ ഇപ്രകാരം പണം കിട്ടുകയുള്ളൂ എന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് വരുവാനും ഇവര്‍ ഉപദേശിച്ചു. ആശുപത്രി റിസപ്ഷനുമായി ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് ഇതിനെപ്പറ്റി ഒന്നും പറയാന്‍ അനുവാദമില്ലെന്ന് പറഞ്ഞു. ആശുപത്രി HR ന്റെ നമ്പര്‍ തന്നു. ഇദ്ദേഹവുമായി സംസാരിച്ചപ്പോള്‍ തനിക്ക് ഒന്നും അറിയില്ലെന്നും ആശുപത്രിയുടെ അഡ്മിനിസ്ട്രെറ്റര്‍ കാര്യങ്ങള്‍ പറയുമെന്നും പറഞ്ഞു. ബന്ധപ്പെടുവാന്‍ നമ്പര്‍ ചോദിച്ചെങ്കിലും തന്നില്ല. ജീവനക്കാരിയുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ കാര്യങ്ങള്‍ സ്ഥിരീകരിച്ചു. ഇന്ന് ചിലപ്പോഴെ ഇന്‍സ്പെക്ഷന്‍ ഉണ്ടാകുകയുള്ളൂ എന്നും ഇവര്‍ പറഞ്ഞു.
ആറന്മുള വിമാനത്താവള പദ്ധതിയിലെ വിവാദ നായകന്‍ എബ്രഹാം കലമണ്ണില്‍ ആയിരുന്നു ആശുപത്രിയുടെ ആദ്യ ഉടമ. പിന്നീട് തമിഴ്നാട് സ്വദേശി സ്വയംഭൂ നാടാരുമായി കലമണ്ണില്‍ കൈകോര്‍ത്തു. അധികം താമസിക്കാതെ ഇവര്‍ തമ്മില്‍ കേസും വഴക്കുമായി. ഏറെനാള്‍ പ്രേതാലയം പോലെ കിടന്ന ഈ ആശുപത്രി അടുത്ത നാളിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. എബ്രഹാം കലമണ്ണില്‍ തന്റെ ഷെയറുകള്‍ കോഴഞ്ചേരി സ്വദേശിയായ പ്രവാസിക്ക് കൈമാറി. ഇദ്ദേഹത്തിന്റെ മൂന്ന് മക്കളും മരുമക്കളും ഡോക്ടര്‍മാരാണ്. ഇവരെ ഒന്നിച്ചിരുത്താന്‍ വേണ്ടിയാണ് ഇദ്ദേഹം അയ്യപ്പാ മെഡിക്കല്‍ കോളേജിന്റെ ഭൂരിഭാഗം ഷെയറുകളും വാങ്ങിയത്. നിലവില്‍ സ്വയഭൂ നാടാര്‍ക്ക് 25 % ഷെയറുകള്‍ മാത്രമാണ് ഉള്ളതെന്നാണ് വിവരം. വടശ്ശേരിക്കര അയ്യപ്പാ മെഡിക്കല്‍ കോളേജിന്റെ വഴിവിട്ടുള്ള പല നടപടികളും പത്തനംതിട്ട മീഡിയാ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.