തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ ജില്ലാതല ഓണച്ചന്തകള്‍ ആഗസ്റ്റ് 21 മുതല്‍ 30 വരെ നടക്കും. ജില്ലാതല ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി ആഗസ്റ്റ് 21 വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 14 ജില്ല ആസ്ഥാനങ്ങളില്‍ റീജണല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. കൂടാതെ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം. അവധി ബാധകമായിരിക്കില്ല. കണ്ടെയ്‌മെന്റ് സോണുകളില്‍ രാവിലെ 8.30ന് ആരംഭിച്ച് ജില്ലാ കളക്റ്റര്‍ നിശ്ചയിക്കുന്ന സമയത്ത് അവസാനിപ്പിക്കുമെന്ന് സിഎംഡി (ഇന്‍-ചാര്‍ജ്) അലി അസ്ഗര്‍ പാഷ അറിയിച്ചു.
അതേസമയം ഓണാഘോഷം ഇത്തവണ വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചിട്ടുണ്ട്. പൂക്കളമൊരുക്കാന്‍ അതത് സ്ഥലത്തെ പൂക്കള്‍ തന്നെ ഉപയോഗിക്കുന്നതാകും നല്ലത്. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കള്‍ കൊറോണ വ്യാപനത്തിന് സാധ്യത വര്‍ധിപ്പിക്കും. പൊതുസ്ഥലത്ത് ഓണാഘോഷം പാടില്ല. കര്‍ശന നിയന്ത്രണം തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ഓണക്കാലത്ത് തിരക്ക് ഒഴിവാക്കാന്‍ പോലീസ് ഇടപെണം. കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ മാത്രം പ്രവര്‍ത്തിക്കണം. കളക്ടര്‍മാര്‍ വ്യാപാരികളുടെ യോഗം വിളിച്ച് വിഷയത്തില്‍ ധാരണയിലെത്തണം. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം. ജാഗ്രത കൈവെടിയരുത്. സാമൂഹിക അകലം പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം.