തിരുവല്ല : എക്സൈസ് ഓഫിസിലെ ലാൻഡ്ഫോണിൽ വന്ന കോളിനെ തുടർന്ന് നടത്തിയ പരിശോധനയിൽ തിരുവല്ല കുറ്റൂരിൽനിന്ന് ഒന്നേകാൽ കിലോഗ്രാം കഞ്ചാവും 1.3 ഗ്രാം ഹാഷിഷും പിടികൂടി. സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളിയായ വെസ്റ്റ് ബംഗാളിലെ മാൽഡ സാംസി സ്വദേശി വിൽ ബംബാലിനെ (27) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചക്ക് എക്സൈസിന് ലഭിച്ച വിവരത്തെ തുടർന്ന് വൈകിട്ട് നാലുമണിയോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. നിർമാണ തൊഴിലാളി എന്ന വ്യാജേനെ കുറ്റൂർ ജംഗ്ഷന് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ ഫ്ലാറ്റിൽ കുടുംബത്തോടൊപ്പം താമസിച്ചായിരുന്നു കഞ്ചാവ് കച്ചവടം.
ബംഗാൾ, ആസം, ഒഡിഷ എന്നിവിടങ്ങളിൽ നിന്നും ട്രെയിൻ മാർഗം എത്തിക്കുന്ന കഞ്ചാവ് പൊതികളിലാക്കി ചെറുകിട കച്ചവടക്കാർക്കും വിദ്യാർഥികൾ അടക്കമുള്ള ആവശ്യക്കാർക്കും വില്പന നടത്തുന്നതായിരുന്നു ഇയാളുടെ രീതി എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും. എക്സൈസ് തിരുവല്ല റേഞ്ച് ഇൻസ്പെക്ടർ മിഥുൻ മോഹൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ എം കെ വേണുഗോപാൽ, പ്രിവന്റ്റ്റീവ് ഓഫീസർ ഇ.ജി സുശീൽ കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ സാഗർ, വി ഷിജു, വിഎസ് രാഹുൽ, വനിത സിവിൽ എക്സൈസ് ഓഫീസർ മിനിമോൾ, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് വിജയ് ദാസ്, ഡ്രൈവർ ഹുസൈൻ എന്നിവർ അടങ്ങുന്ന സംഘത്തിൻറെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.