തേനി : കേരളത്തിലേക്ക് തമിഴ്നാട്ടിൽ നിന്നും കടത്താൻ സൂക്ഷിച്ചിരുന്ന ഒന്നര ടൺ റേഷനരി തമിഴ്‌നാട് ഭക്ഷ്യ വിതരണ വകുപ്പിൻറെ സംഘം പിടികൂടി. തമിഴ്നാട് സർക്കാർ നൽകുന്ന റേഷൻ അരി വ്യാപകമായി പൂഴ്ത്തിവെച്ച് കരിഞ്ചന്തയിൽ എത്തിക്കുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെത്താൻ തമിഴ്നാട് ഭക്ഷ്യ വിതരണ വിഭാഗത്തിലെ ഫ്ലയിങ് സ്ക്വാഡ് പരിശോധന കർശനമാക്കിയിരുന്നു. ഈ സംഘമാണ് കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ചിരുന്ന ഒന്നര ടൺ അരി പിടികൂടിയത്. ഇടുക്കിയിലെ അതിർത്തി ജില്ലയായ തേനിയിലെ ബോഡി നായ്ക്കന്നൂരിൽ നിന്നാണ് അരി പടികൂടിയത്.
കഴിഞ്ഞ ദിവസം വാർഡ് കൗൺസിലർ വെങ്കിടേശൻ സമീപത്ത് തകർന്നു കിടന്ന ഓട പരിശോധിക്കാൻ എത്തിയപ്പോൾ 25 ലധികം ചാക്കുകൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്നത് കണ്ടു. കൗൺസിലർ ഈ വിവരം ഭക്ഷ്യ വിതരണ വകുപ്പ് ഫ്ലയിങ് സ്ക്വാഡിനെ അറിയിച്ചു. ഫ്ലയിങ് സ്ക്വാഡും ഡെപ്യൂട്ടി കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരും നേരിട്ട് എത്തി പരിശോധന നടത്തി റേഷൻ അരിയാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഏത് കടയിൽ നിന്നുള്ളതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പിടിച്ചെടുത്ത റേഷൻ ഭക്ഷ്യവിതരണ വകുപ്പിന്റെ ഗോഡൗണിലേക്ക് മാറ്റി.