അടൂര്‍: കഞ്ചാവ് റെയ്ഡിനെത്തിയ എക്‌സൈസ് സംഘത്തെ ബാറിലിട്ട് മര്‍ദിക്കാന്‍ നീക്കം. ഒരാളെ കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തു. രണ്ടു പേര്‍ രക്ഷപ്പെട്ടു. അടൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീബ് ലബ്ബ, കൂടയുണ്ടായിരുന്ന ദിലീപ് എന്നിവര്‍ക്ക് നേരെ പറക്കോട് പെന്‍സുലാര്‍ പാര്‍ക്ക് ബാറില്‍ വെച്ചാണ് അതിക്രമം നടന്നത്. പറക്കോട് സ്വദേശി ഇജാസിനെ കഞ്ചാവുമായി അപ്പോള്‍ തന്നെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പറക്കോട് സ്വദേശികള്‍ ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ 19 നായിരുന്നു സംഭവം. അജീബ് ലബ്ബയുടെ നേതൃത്വത്തിലുള്ള സ്‌ട്രൈക്കര്‍ പാര്‍ട്ടിക്ക് നേരെയാണ് ആക്രമണം നടന്നത്. പട്രോളിങ് നടത്തി വന്നിരുന്ന സംഘം ബാറിന് പുറത്ത് നിന്നിരുന്ന ഇജാസിന്റെ പോക്കറ്റില്‍ നിന്ന് കഞ്ചാവ് പൊതി എടുക്കുകയായിരുന്നു. ഇയാള്‍ ഉടന്‍ തന്നെ ബാറിനുള്ളിലേക്ക് ഓടിക്കയറി. എക്‌സൈസ് സംഘം പിന്നാലെ ചെന്നപ്പോള്‍ മൂന്നു പേരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇജാസിനെ എക്‌സൈസ് പിടികൂടി. അക്രമത്തിന് വിധേയനായ അജീബ് ലബ്ബയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിനും ഉപദ്രവിച്ചതിനും അടൂര്‍ പോലീസ് കേസെടുത്തു. മൂന്നു പ്രതികളും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതികളാണ്. പോലീസ് കേസുകളും ഇവര്‍ക്കെതിരെയുണ്ട്.