കാക്കനാട് : കളക്ഷന്‍ തുക നല്‍കാതെ സ്ഥാപന ഉടമയെ കബളിപ്പിച്ച് മുങ്ങിയ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവ് പിടിയില്‍. നെടുമ്പാശ്ശേരി മേക്കാടുകരയില് പറമ്പില്‍വീട്ടില്‍ അജിത് കുമാറാണ് (45) തൃക്കാക്കര പപോലീസിന്റെ പിടിയിലായത്. 27 കടകളില്‍നിന്നായി ശേഖരിച്ച 4.8 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിച്ചത്.
ഇടപ്പള്ളി ഉണിച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ് അജിത് കുമാര്‍ മാര്‍ക്കറ്റിങ് എക്സിക്യൂട്ടിവായി ജോലി ചെയ്തിരുന്നത്. സ്ഥാപനത്തില്‍നിന്ന് കടമായി ചരക്കുകള്‍ കൊടുക്കുന്ന കടകളില്‍നിന്ന് തവണകളായി പണം തിരികെ ശേഖരിച്ചുകൊണ്ടിരുന്നത് ഇയാളായിരുന്നു. ഈ തുക കൃത്യമായി ഓഫിസില്‍ അടക്കുന്നതായിരുന്നു രീതി.
എന്നാല്‍ 2020 മാര്‍ച്ച് 24നുശേഷം വിവിധ തീയതികളില്‍ ജില്ലയിലെ 27 കടകളില്‍നിന്ന് ശേഖരിച്ച പണം തട്ടിയെടുക്കുകയായിരുന്നു. ലഭിച്ച തുക സ്ഥാപനത്തില്‍ നല്കാതെയോ കുറഞ്ഞ പണം മാത്രം നല്‍കിയോ ആണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇത്തരത്തില്‍ 4,81,888 രൂപയാണ് തട്ടിച്ചത്.
തട്ടിയെടുത്ത തുകകൊണ്ട് വാഹനങ്ങള്‍ വാങ്ങി ആഡംബര ജീവിതം നയിക്കുകയായിരുന്നു. വീടിന് സമീപത്തെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് തൃക്കാക്കര പോലീസ് ഇയാളെ പിടികൂടിയത്. എസ്.ഐ എന്‍.ഐ. റഫീഖ്, എ.എസ്.ഐ കുര്യാക്കോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്