ന്യൂഡല്‍ഹി: കടം വാങ്ങിയ നൂറു രൂപ തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചു. ന്യൂഡല്‍ഹി മംഗോള്‍പുരി സ്വദേശിയായ അജീത് (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഷ്മ എന്ന സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവില്‍പോയ ഇവരുടെ ഭര്‍ത്താവ് ജിതേന്ദറിനായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അജീത്തിനെ ചികിത്സയ്ക്കായെത്തിച്ച സഞ്ജയ് ഗാന്ധി ആശുപത്രിയിലെത്തി പോലീസ് അന്വേഷണം നടത്തുകയായിരുന്നു. അന്വേഷണത്തില്‍ യുവാവിന്റെ പിതാവ് തന്നെയാണ് അയാളെ ആശുപത്രിയിലെത്തിച്ചതെന്ന് വ്യക്തമായി. മരിച്ച നിലയിലായിരുന്നു എത്തിച്ചതെന്നാണ് ആശുപത്രിവൃത്തങ്ങളെ ഉദ്ധരിച്ച് പോലീസ് അറിയിച്ചത്. അജീത്തിന്റെ വലത് കൈമുട്ടിലായിരുന്നു കുത്തേറ്റത്. അമിതരക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.
പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ജിതേന്ദര്‍ , ഭാര്യ രേഷ്മ എന്നിവരിലേക്ക് അന്വേഷണം എത്തിച്ചേര്‍ന്നത്. കൊല്ലപ്പെട്ട അജീത്ത്, പ്രതിയില്‍ നിന്നും 100 രൂപ കടം വാങ്ങിയിരുന്നു. ഇത് കഴിഞ്ഞ ദിവസം തിരികെ ചോദിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. പണം കൊടുക്കാന്‍ വിസ്സമ്മതിച്ച അജീത്ത്, ജിതേന്ദറിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതില്‍ കുപിതനായ പ്രതി, വീട്ടിലേക്ക് മടങ്ങിപ്പോയി ഒരു കത്തിയുമായി തിരികെ വരികയായിരുന്നു. ഭാര്യ രേഷ്മയും ഇയാള്‍ക്കൊപ്പമെത്തിയിരുന്നു. ഇരുവരും ചേര്‍ന്ന് കത്തി ഉപയോഗിച്ച് അജീത്തിനെ ആക്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പോലീസ് അറിയിച്ചിരിക്കുന്നത്. രേഷ്മയെ കഴിഞ്ഞ ദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ഭര്‍ത്താവ് ജിതേന്ദര്‍ ഒളിവിലാണ്.
സമാനമായ മറ്റൊരു സംഭവത്തില്‍ സഹോദര ഭാര്യമാര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭര്‍തൃസഹോദരനെ യുവതി കുത്തിക്കൊന്നു. ജയ്പൂരിലെ പാണ്ട മണ്ഡിയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. നിസ്സാര സംഭവത്തെ ചൊല്ലി ഭര്‍തൃസഹോദരന്റെ ഭാര്യയുമായി ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഫാരിയ എന്ന യുവതിയാണ് കൊലപാതകം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭര്‍തൃസഹോദരനായ മൊഹ്സീനെയാണ് ഇവര്‍ കൊലപ്പെടുത്തിയത്. ഭര്‍ത്താവിനും ഭര്‍ത്താവിന്റെ മൂന്ന് സഹോദരന്‍മാര്‍ക്കും കുടുംബത്തിനും ഒപ്പമാണ് ഫാരിയ താമസിക്കുന്നത്. വാടക നല്‍കാത്തതുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ മൂത്തസഹോദരനും ഭാര്യയുമായി ഫാരിയയുടെ ബന്ധം വഷളായി. ഇതുമായി ബന്ധപ്പെട്ട് സഹോദര ഭാര്യമാര്‍ തമ്മില്‍ നിരന്തരം വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. ഇതാണ് ഒടുവില്‍ കൊലപാതകത്തില്‍ കലാശിച്ചത്.