ചേർത്തല : എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബിന്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്‌കരണത്തിന്റെ കാലിക പ്രസക്തിയെക്കുറിച്ച് പുതുതലമുറയിൽ പ്രായോഗിക അവബോധം വളർത്തുന്നതിനായി ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം നവ കേരളത്തിനായി’ എന്ന വിഷയത്തിൽ നടത്തിയ ഏകദിന ശില്പശാല പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിച്ചു. മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശനാഭായി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രദീപ് കുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.
മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എൻ.പ്രീത, പി.ടി.എ പ്രസിഡന്റ് ടി.വി. ബൈജു, ഹെഡ്മിസ്ട്രസ് ഒ.എച്ച്.സീന, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വി.ഇ.ഒ അഹിലു ദേവ്, പി.ടി.എ വൈസ് പ്രസിഡന്റ് വി.പി.ജോഷി എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങളും ശുചിത്വ ക്ലബ് അംഗങ്ങളുമായുള്ള ആശയവിനിമയം, മാലിന്യ സംസ്‌കരണവും ജലസംരക്ഷണവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി നവകേരളം കർമ്മ പദ്ധതി ജില്ലാ കോ ഓർഡിനേറ്റർ കെ.എസ്.രാജേഷും, മാലിന്യമുക്തം ഹരിത കേരളം എന്ന വിഷയത്തെ ആസ്പദമാക്കി ശുചിത്വമിഷൻ പ്രോഗ്രാം ഓഫീസർ പി.അഖിൽ വിഷയ അവതരണം നടത്തി.