തിരുവനന്തപുരം: കേരളത്തിന് പുതിയൊരു വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍ കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് ചെയര്‍മാനും ബിജെപി നേതാവുമായ പി കെ കൃഷ്ണദാസ് നിവേദനം നല്‍കി. കേരളത്തിന് വന്ദേഭാരത് എക്സ്പ്രസ് അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞതായി കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ രാജ്യത്ത് ഏറ്റവുമധികം യാത്രക്കാര്‍ കയറുന്ന വന്ദേഭാരത് എക്സ്പ്രസ് കേരളത്തിലേതാണ്. വരുമാനത്തിന്റെ കാര്യത്തിലും കേരളത്തിലെ വന്ദേഭാരത് ആണ് മുന്നിലെന്നും കൃഷ്ണദാസ് പറഞ്ഞു. അതുകൊണ്ട് തന്നെ കേരളത്തിന്റെ കാര്യത്തില്‍ റെയില്‍വേ മന്ത്രിക്ക് പ്രത്യേക താത്പര്യമുണ്ട്. കേരളത്തിന് ഒരു വന്ദേഭാരത് എക്സ്പ്രസ് കൂടി അനുവദിക്കാന്‍ സാധ്യതയുണ്ട്. മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍, ഇക്കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞതായും കൃഷ്ണദാസ് പറഞ്ഞു.