കോന്നി : കോന്നി ഇളകൊള്ളൂർ ലക്ഷംവീട് കോളനിയിൽ വീടിന് തീ പിടിച്ചതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ പോലീസ് ഫോറൻസിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. കോന്നി പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘവും ഫോറൻസിക് വിദഗ്ദ്ധ ഷാജിലയുടെയും നേതൃത്വത്തിൽ ഉള്ള സംഘമാണ് പരിശോധന നടത്തിയത്. വീടിനുള്ളിൽ നിന്നും സംഘം സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. വീട് പൂർണ്ണമായും കത്തി നശിച്ചു പോയിരുന്നു. സാമ്പിൾ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയെങ്കിൽ മാത്രമേ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. ഇളകൊള്ളൂർ ലക്ഷംവീട് കോളനിയിൽ താമസിക്കുന്ന വനജയുടെ വീട്ടിൽ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ തീ പിടിച്ചതിനെ തുടർന്ന് വനജയുടെ മകൻ മനോജ് (35) ആണ് മരണപ്പെട്ടത്.
ശബരിമലയിൽ തത്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന മനോജ് കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരികെ എത്തിയത്. സംഭവ സമയത്ത് വനജ വീട്ടിൽ നിന്ന് ഓടി രക്ഷപെടുകയായിരുന്നു. വീടിനുള്ളിൽ തനിയെ തീ പിടിച്ചതാണോ അതോ മനഃപൂർവ്വം ആരെങ്കിലും തീ ഇട്ടതാണോ എന്നതിൽ വ്യക്തതയില്ല. മുറിക്കുള്ളിലെ വൈദ്യതി തകരാർ ആണോ തീ പിടിത്തത്തിന് കാരണം എന്ന് അറിയാൻ കെ എസ് ഇ ബി അധികൃതരും പരിശോധന നടത്തുന്നുണ്ട്. വീടിന്റെ കിടപ്പു മുറിയുടെ ഒരു മൂലയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് അയൽവാസികളുടെ ശ്രദ്ധയിൽ പെട്ടത്തോടെ ആണ് സംഭവം പുറംലോകം അറിഞ്ഞത്. വീടിനുള്ളിൽ പാചക വാതക സിലൻഡർ ഉണ്ടായിരുന്നു എങ്കിലും ഇതിലേക്ക് തീ പടരാതിരുന്നതിരുന്നതിനാൽ വൻ അപകടം ഒഴിവായി. പിന്നീട് അഗ്നി ശമന രക്ഷാ സേനയെത്തി തീ അണച്ച ശേഷം വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മനോജിന്റെ മൃതദേഹം സ്ഥലത്ത് നിന്ന് മാറ്റി. കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.