ബദിയഡുക്ക : കാറിലും ഓട്ടോയിലുമായി ഒന്നേമുക്കാല്‍ കിലോ കഞ്ചാവ് കടത്തിയ കേസില്‍ ഒരാള്‍ എക്‌സൈസ് പിടിയില്‍. മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു. കഞ്ചാവ് കടത്താനുപയോഗിച്ച കാറും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. നെക്രാജെ നാരംപാടിയിലെ അബ്ദുള്‍ റഫീഖിനെ(35)യാണ് അറസ്റ്റ് ചെയ്തത്. ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എച്ച്.വിനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
നെല്ലിക്കട്ട-ബദിയടുക്ക റോഡില്‍ വാഹനപരിശോധനയ്ക്കിടെ ബീജന്തടുക്ക ജങ്ഷനില്‍നിന്ന് ചെടേക്കാല്‍ ഭാഗത്തേക്കുള്ള റോഡില്‍ സംശയാസ്പദമായ രീതിയില്‍ ഓട്ടോറിക്ഷയും കാറും നിര്‍ത്തിയിട്ടത് എക്‌സൈസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉദ്യോഗസ്ഥര്‍ അവിടെയെത്തിയപ്പോഴേക്കും കാറില്‍നിന്ന് ഒരാള്‍ ഓടിരക്ഷപ്പെട്ടു.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന ആളെ ചോദ്യം ചെയ്തതോടെയാണ് ഓട്ടോയില്‍ സൂക്ഷിച്ച കഞ്ചാവ് ശ്രദ്ധയില്‍പെട്ടത്. ഓട്ടോയില്‍നിന്ന് 270 ഗ്രാം കഞ്ചാവും കാറില്‍നിന്ന് ഒന്നരക്കിലോ കഞ്ചാവും കണ്ടെടുത്തു. ഓടിരക്ഷപ്പെട്ടത് തെക്കില്‍ കുണ്ടടുക്കത്തെ മുഹമ്മദ് ഷെരീഫാണെന്ന് തിരിച്ചറിഞ്ഞതായി എക്‌സൈസ് സംഘം അറിയിച്ചു.






























