റാന്നി : റാന്നി അങ്ങാടി പേട്ടയിൽ സംഘർഷത്തിനിടെ ഒരാൾക്കു കുത്തേറ്റു. അങ്ങാടി വരവൂർ സ്വദേശി അനിലാണ് (45) കുത്തേറ്റത്. ഞായറാഴ്ച രാവിലെ 11 മണിയോടെ പേട്ട തീയറ്ററിനു സമീപമാണ് സംഘർഷം നടന്നത്. പരിക്കേറ്റ അനിലിനെ നാട്ടുകാർ തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റാന്നി ചെത്തോങ്കര സ്വദേശി സന്തോഷിനെ റാന്നി പോലീസ് അറസ്റ്റു ചെയ്തു.
പേട്ടയിലെ ഒരു കടയിൽ ഹാൻസ് വിൽക്കുന്നത് സംബന്ധിച്ച് ചോദിക്കാനെത്തിയ അനിലും സംഘവും സന്തോഷുമായി തർക്കവും ഉന്തും തള്ളുമായി. പിന്നീട് തർക്കം കൂടിയപ്പോൾ ഇവർ സന്തോഷിനെ മർദ്ദിച്ചതായി പറയുന്നു. ഇതിൽ പ്രകോപിതനായി കത്തിയെടുത്ത് അനിലിൻ്റെ കൈക്ക് കുത്തി. തടയാൻ ചെന്നപ്പോൾ ദേഹത്തും കുത്തി പരിക്കേൽപ്പിച്ചു. പോലീസെത്തി സന്തോഷിനെ കസ്റ്റഡിയിലെടുത്തു.