പത്തനംതിട്ട : കേരളത്തെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി പുറംലോകം അറിഞ്ഞിട്ട് ഇന്ന് ഒരു വർഷം. അന്ധവിശ്വാസത്തിലൂന്നി സാമ്പത്തിക നേട്ടത്തിനായി രണ്ട് അരുംകൊലകൾ നടത്തിയ മൂന്ന് കൊടുംകുറ്റവാളികളും ജയിലിനുള്ളിൽ തന്നെയാണ്. രണ്ട് സ്ത്രീകളെ വീട്ടിൽ എത്തിച്ച് ക്രൂരമായി കൊന്നു കളഞ്ഞ ഭഗവൽസിങ്ങും ഭാര്യ ലൈലയും കൊടുംകുറ്റവാളി മുഹമ്മദ് ഷാഫിയും വിചാരണ കാത്ത് അഴിക്കുള്ളിൽ കഴിയുകയാണ്. നരബലി നടന്ന ഇലന്തൂരിലെ വീട്ടിലേക്ക് ദൂരെ ദിക്കുകളിൽ നിന്ന് പോലും ഇപ്പോഴും ആളുകളെത്തുന്നുണ്ട്. അരുംകൊലകൾ നടന്ന വീട് പോലീസ് സീൽ ചെയ്തിരിക്കയാണ്.
ഭഗവൽസിങ്ങിന്‍റെ തിരുമ്മൽ കേന്ദ്രവും കാടുമൂടി. മറ്റൊരു പ്രതിയായ മുഹമ്മദ് ഷാഫി പറഞ്ഞതനുസരിച്ചാണ് ഭഗവൽസിംഗും ഭാര്യ ലൈലയും കാലടി സ്വദേശി റോസ്‍ലി, തമിഴ്നാട് സ്വദേശി പത്മം എന്നിവരെ ഇലന്തൂരിലെത്തിച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്. സാമ്പത്തിക അഭിവൃദ്ധിക്കായി എന്തും ചെയ്യാൻ തയാറായിരുന്ന അവരോട് സ്ത്രീകളെ ബലികൊടുക്കണം, ശരീരഭാഗങ്ങൾ ഭക്ഷിക്കണം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ ഷാഫിയാണ് നൽകിയത്. പിന്നാലെയാണ് ഇവർ സ്ത്രീകളെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി പറമ്പിൽ കുഴിച്ചിട്ടത്. ആദ്യ നരബലി ഫലം കണ്ടില്ലെന്നു പറഞ്ഞാണ് രണ്ടാമത്തെ കൊല നടത്തിയത്. സ്ത്രീകളെ കൈകാലുകൾ കെട്ടിയിട്ട് പൈശാചികമായാണ് കൊലപ്പെടുത്തിയത്.