കോഴിക്കോട് : വിലവർധനയിൽ കൈ പൊള്ളിയ ജനം ഓടിയെത്തി ലോഡ് ഇറക്കി കണ്ണടച്ചു തുറക്കും മുൻപേ ഹോർട്ടികോർപ്പിൽ വിറ്റത് 2 ടൺ സവാള. നാഫെഡ് മുഖേന സംഭരിച്ച സവാളയിൽ ഹോർട്ടികോർപ് ജില്ലയിൽ വിതരണം ചെയ്യാൻ 8 ടണ്ണാണ് എത്തിച്ചത്. കിലോഗ്രാമിനു 45 രൂപ നിരക്കിലാണ് നൽകുന്നത്. ഒരാൾക്ക് ഒന്നര കിലോഗ്രാം എന്ന നിരക്കിൽ വിൽപന നിജപ്പെടുത്തി.
ആദ്യം 2 കിലോഗ്രാം വീതം നൽകിയിരുന്നെങ്കിലും ആവശ്യക്കാർ കൂടിയതോടെയാണ് കുറച്ചത്. പൊതുമാർക്കറ്റിൽ കിലോഗ്രാമിനു 70 രൂപ നിരക്കിലാണ് സവാള വിൽക്കുന്നത്. നേരത്തെ 85 രൂപവരെ എത്തിയിരുന്നു. സംസ്ഥാനത്ത് ഹോർട്ടികോർപ് മുഖേന 500 ടൺ സവാളയാണ് വിതരണം ചെയ്യുന്നത്. സപ്ലൈകോ, കൺസ്യൂമർഫെഡ് എന്നിവ മുഖേന 1,300 ടൺ കൂടി നൽകുന്നുണ്ട്. കോഴിക്കോടിനു അടുത്ത ലോഡ് ഇനി നവംബർ 5ന് എത്തും.