ന്യൂഡൽഹി : രാജ്യത്തെ യാഥാർഥ്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ കേന്ദ്ര വാക്സീൻ നയം എത്രത്തോളം ഭാവനാശൂന്യമെന്നതിന്റെ വിശദീകരണമാണ് സുപ്രീം കോടതി നൽകിയ ഇടക്കാല ഉത്തരവിലുള്ളത്. വാക്സീൻ ലഭ്യത, വില നിർണയം, വാക്സിനേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ഉന്നയിച്ച വാദങ്ങളെയെല്ലാം കോടതി സംശയിക്കുന്നു. നയരൂപീകരണ ഫയലുകളിലെ കുറിപ്പുകൾ സഹിതം ഹാജരാക്കാനാണു നിർദേശം. അടിയന്തിര സ്വഭാവമുള്ള വിഷയത്തിലെ നയം തിരുത്താൻ കോടതി നിർദേശിക്കുമ്പോൾ സർക്കാരിനുണ്ടാകുന്ന ആഘാതം ചെറുതല്ല.
കോടതി അമിതാവേശം കാട്ടി വാക്സീൻ നയത്തിൽ ഇടപെടരുതെന്നാണ് സർക്കാർ സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരുന്നത്. ആ വാദം തള്ളി കർശന ഭാഷയിൽതന്നെ കോടതി മറുപടി നൽകി. വാക്സീൻ പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും അതു നിഷേധിക്കുന്നതാണ് ഇപ്പോഴത്തെ കേന്ദ്ര നയമെന്നും അത്തരമൊരു നയം പരിശോധിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും കോടതി പറയുന്നു. വാക്സീൻ ലഭ്യമായാലുടൻ ഓരോ പൗരനും ലഭ്യമാക്കാൻ രൂപരേഖ തയാറാക്കുന്നുവെന്നാണ് കഴിഞ്ഞ ഒക്ടോബർ 20നു പ്രധാനമന്ത്രി പറഞ്ഞത്. നവംബർ 24നും ഏപ്രിൽ 14നും പ്രതിബദ്ധത ആവർത്തിച്ചു.
എന്നാൽ ദരിദ്രർക്കും ഇന്റർനെറ്റ് സൗകര്യമില്ലാത്തവർക്കും വാക്സീൻ നിഷേധിക്കുന്നതാണ് സർക്കാർ കഴിഞ്ഞ മാസം ഒന്നിനു പ്രഖ്യാപിച്ച ഉദാര വാക്സീൻ നയം എന്നു കോടതി പറഞ്ഞു. സംസ്ഥാനങ്ങൾക്ക് കനത്ത സാമ്പത്തിക ആഘാതവുമുണ്ടാക്കുന്നു. ഈ സമീപനത്തെ തുല്യത സംബന്ധിച്ച ഭരണഘടനാ വകുപ്പിന്റെ (14) അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടതുണ്ട്. കേന്ദ്രത്തിനു കുറഞ്ഞ വിലയ്ക്കു വാക്സീൻ ലഭിക്കുമെങ്കിൽ രാജ്യത്ത് ആവശ്യമായ മുഴുവൻ വാക്സീനും എന്തുകൊണ്ട് ആ വിലയ്ക്കു ലഭിക്കുന്നില്ല എന്തുകൊണ്ട് വില നിയന്ത്രണം ഏർപ്പെടുത്തുന്നില്ല.
രാജ്യത്തെ 50 % പേർക്കുപോലും വയർലെസ് ഡേറ്റ സേവനം ലഭ്യമല്ല 13,000 ഗ്രാമങ്ങളിൽ പൊതു സേവന കേന്ദ്രങ്ങളില്ല. ഗ്രാമങ്ങളിൽ 15 % പേർക്കു മാത്രമാണ് ഇന്റർനെറ്റ് സൗകര്യം. ഈ കണക്കുകൾ സർക്കാരിന്റേതാണെന്നും കോവിൻ രജിസ്ട്രേഷൻ നടത്തി വാക്സീൻ ബുക്ക് ചെയ്യണമെന്ന നിർദേശം എങ്ങനെ നടപ്പാക്കുമെന്നുമാണ് കോടതിയുടെ ചോദ്യം.
കേസിൽ കോടതിയെ സഹായിച്ച അമിക്കസ് ക്യൂറിമാരായ ജയദീപ് ഗുപ്തയും മീനാക്ഷി അറോറയും കേന്ദ്രത്തെ വെട്ടിലാക്കുന്ന ശക്തമായ നിലപാടാണെടുത്തത്. ആരോഗ്യം ഭരണഘടനയിൽ സംസ്ഥാന പട്ടികയിലെ വിഷയമാണെങ്കിലും സംസ്ഥാനാന്തര കുടിയേറ്റം കേന്ദ്ര പട്ടികയിലും പകർച്ചവ്യാധി പ്രതിരോധം പൊതു പട്ടികയിലുമായിരിക്കുമ്പോൾ കേന്ദ്രം ഉത്തരവാദിത്തത്തിൽനിന്നു പിന്മാറുന്നതിനെ അവർ ചോദ്യം ചെയ്തു. സാർവത്രിക വാക്സിനേഷൻ പദ്ധതിയിൽ ആവശ്യമായ വാക്സീൻ മുഴുവനും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്കു സൗജന്യമായി നൽകുക എന്നതായിരുന്നു 1978 മുതൽ കഴിഞ്ഞ മാസം ഒന്നു വരെ നയമെന്നും അവർ വിശദീകരിച്ചു.
കോവിഡ് ചികിൽസയ്ക്കുള്ള മരുന്നും ഉപകരണങ്ങളും ഉദാരമായി ലഭ്യമാക്കണമെന്ന് ലോക വ്യാപാര സംഘടനയിൽ ഇന്ത്യ വാദിക്കുമ്പോഴാണ് ആഭ്യന്തര വാക്സീൻ നയം സാധാരണക്കാരെ അവഗണിക്കുന്നതെന്ന കോടതിയുടെ വിലയിരുത്തലും ശ്രദ്ധേയം.