പത്തനംതിട്ട : കൈറ്റ് വിക്ടേഴ്‌സ് സംയുക്തമായി സംപ്രേഷണം ചെയ്യുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കുന്നതിനുള്ള സംവിധാനം 57 പഞ്ചായത്തുകളിലും ഒരുങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി വിളിച്ചുചേര്‍ത്ത യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 8, 9 തീയതികളില്‍ പഞ്ചായത്ത്തല വിദ്യാഭ്യാസ കമ്മറ്റികള്‍ ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍, ബ്ലോക്ക് മെമ്പര്‍, പഞ്ചായത്ത് സമിതി, എസ്.സി/എസ്.ടി പ്രമോട്ടര്‍, സന്നദ്ധസംഘടനകള്‍, കുടുംബശ്രീ, അംഗനവാടി, വായനശാല എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഇനിയും പഠനസൗകര്യം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സാഹചര്യം ഒരുക്കുന്നതിന് പൂര്‍ണ്ണ പിന്തുണ നല്കി.
ജൂണ് 1-ന് ഓണ്‍ലൈന്‍ ക്ലാസ് സംവിധാനം ആരംഭിച്ചപ്പോള്‍ ജില്ലയില്‍ 2064 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം പ്രാപ്യമാക്കാന്‍ കഴിഞ്ഞിരുന്നില്ല. നവമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ സംവിധാനങ്ങളുടെ സഹായത്തോടെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ പ്രാപ്യമാക്കാന്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും 57 പഞ്ചായത്തുകളിലും പി.ഇ.സി മീറ്റിംഗുകള്‍ അതാത് പ്രസിഡന്റുമാരുടെ അധ്യക്ഷതയിലും സമഗ്രശിക്ഷ കേരള ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലും വിളിച്ചുചേര്‍ത്തു. ജില്ലയില്‍ 291 കുട്ടികള്‍ക്ക് ടെലിവിഷന്‍ മുഖേനയിലും, 28 കുട്ടികള്‍ക്ക് ലാപ്‌ടോപ്പ്/കമ്പ്യൂട്ടര്‍/ടാബ് മുഖേനയും, 166 കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ മുഖേനയും, 203 കുട്ടികള്‍ക്ക് കേബിള്‍/നെറ്റ് വര്‍ക്ക് കണക്ഷന്‍ മുഖേനയും ഓണ്‍ലൈന്‍ പഠനസംവിധാനത്തിനുള്ള സൗകര്യം ഒരുക്കി.
കുട്ടികളുടെ വീടുകള്‍ക്ക് സമീപമുള്ള വായനശാലകള്‍/സാമൂഹ്യപഠനമുറി വഴി 513 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സംവിധാനം ഒരുക്കി. 76 കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ അധ്യാപകര്‍ ലാപ്‌ടോപ്പില്‍ ഡൗണ്‌ലോഡ് ചെയ്ത് കുട്ടികളുടെ താമസസ്ഥലത്ത് ലഭ്യമാക്കി. 226 കുട്ടികള്‍ക്ക് വിദ്യാലയത്തിലെ ലാപ്‌ടോപ്പ്/കമ്പ്യൂട്ടര്‍/പ്രൊജക്ടര്‍ എന്നിവ ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ പഠനം നടത്തുന്നതിനുള്ള സൗകര്യം ഉറപ്പുവരുത്തി. ആകെ 1503 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യത്തിനുള്ള സജ്ജീകരണങ്ങളാണ് പത്തനംതിട്ട ജില്ലയില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇനിയും 432 കുട്ടികള്‍ക്ക്കൂടി ഓണ്‍ലൈന്‍ പഠനസംവിധാനത്തിനുള്ള സൌകര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്.
കെ.ജി.ഒ.എ, അദ്ധ്യാപക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ വഴിയും, കുട്ടികളുടെ അയല്‍വീടുകള്‍ വഴിയും മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനുള്ള സജ്ജീകരണം ഒരുക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അട്ടത്തോട്, ഗവി മേഖലയില്‍ നിന്നുള്ള ജി.എച്ച്.എസ്.എസ് ചിറ്റാറിലെ 27 കുട്ടികളെ സ്‌കൂളില്‍ നിന്ന് ബന്ധപ്പെടാന് സാധിച്ചിട്ടില്ല. ജി.എല്‍.പി.എസ് ഗവിയില്‍ പഠിക്കുന്ന 14 തമിഴ് മീഡിയം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും തമിഴ് മീഡിയം ക്ലാസുകള്‍ ലഭ്യമല്ലാത്തതിനാല്‍ ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കുന്നില്ല.
ഇത്തരം വിഷയങ്ങള്‍ ബന്ധപ്പെട്ട എം.എല്‍.എ മാരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹരിച്ച് ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതായി ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.