തിരുവനന്തപുരം : സ്ത്രീകളടക്കം മലയാളികളെ വിരട്ടിയും അപമാനിച്ചും തഴച്ചുവളരുന്ന ഓണ്‍ലൈന്‍ വായ്പ ആപ്പുകളെ നിലയ്ക്കു നിര്‍ത്തുമെന്ന ഡിജിപിയുടെ പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വരപോലെയായി. ലോക്നാഥ് ബെഹ്റയുടെ വാഗ്ദാനം വിശ്വസിച്ച് പരാതികളുമായി എത്തുന്നവരോട് മാന്യമായി പെരുമാറാന്‍ പോലും പോലീസുകാര്‍ തയാറില്ല.
ഏതു നിയമംവെച്ച് കേസെടുക്കുമെന്ന് പലര്‍ക്കും ധാരണയില്ല. അതിനിടെ ഭീഷണികളുമായി വായ്പാസംഘങ്ങള്‍ വീണ്ടും ഇറങ്ങാന്‍ തുടങ്ങി. മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി അപേക്ഷിച്ച് ഈടൊന്നുമില്ലാതെ വായ്പ നല്‍കുന്ന സംവിധാനം നിയമവിരുദ്ധമാണെന്നും അതിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുമെന്നുമാണ് പോലീസ് മേധാവി പറഞ്ഞത്. സ്ത്രീകളെ പോലും ഫോണിലൂടെ തെറി പറഞ്ഞ് അപമാനിക്കുകയും വിരട്ടുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ഇരകളെ നേരിട്ട് വിളിച്ച് ക്രൈംബ്രാഞ്ച് മേധാവിയും ഉറപ്പു നല്‍കിയതാണ്.
ഇതെല്ലാം വിശ്വസിച്ച് അതാത് പോലീസ് സ്റ്റേഷനുകളിലേക്ക് പരാതിയുമായി പോയവര്‍ക്ക് ഉണ്ടായ അനുഭവം വ്യത്യസ്തമാണ്. പരാതിയുമായി ചെല്ലുന്നവരാണ് കുറ്റക്കാരെന്ന രീതിയിലാണ് പോലീസുകാർ പെരുമാറുന്നതെന്ന് ഇവർ പറയുന്നു. ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറായിട്ടില്ലെന്നും പരാതിക്കാര്‍ പറയുന്നു. വായ്പയുടെ പേരിലുള്ള സൈബര്‍ ഗുണ്ടായിസം കൊണ്ട് വലഞ്ഞിരിക്കുന്ന ഇവര്‍ക്കിനി പരാതി പറഞ്ഞതിന്റെ പേരിലുള്ള പോലീസുകാരുടെ പ്രതികാരം കൂടി നേരിടേണ്ടി വരും.
കൊള്ളയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നവര്‍ ഇപ്പോള്‍ കേള്‍ക്കുന്നതാകട്ടെ ആപ്പുകാരുടെ ചീത്തവിളിയും. വായ്പ ആപ്പുകാരുടെ ഈ നടപടികളെ പോലും സാമ്പത്തിക ഇടപാടുകളുടെ ഭാഗമെന്ന മട്ടിലാണ് സ്റ്റേഷൻ ചുമതലയുള്ള പോലീസുകാർ പലരും ഇപ്പോഴും പരിഗണിക്കുന്നത്. ഇത്തരം കടുത്ത ഭീഷണികളും സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങള്‍ ദുരുപയോഗം ചെയ്ത് അപമാനിക്കുന്നതും പോലെ പോലീസിന് നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ ഉണ്ടെങ്കിലും കൃത്യമായ മാര്‍ഗനിര്‍ദേശം ഇല്ലാത്തതിനാല്‍ ഒന്നും നടക്കുന്നില്ല.