കോട്ടയം: എംജി സർവകലാശാലയിൽ അഫിലിയേറ്റുചെയ്ത കോളേജുകളിൽ ബിരുദ, ഇൻറഗ്രേറ്റഡ് ബിരുദ പ്രോഗ്രാമുകളിൽ ഏകജാലക സംവിധാനംവഴി പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. cap.mgu.ac.in വഴി 31-ന് വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. മാനേജ്മെൻറ്, ലക്ഷദ്വീപ്, വികലാംഗ, സ്പോർട്സ്, കൾച്ചറൽ ക്വാട്ടകളിൽ പ്രവേശനം തേടുന്നവരും ഓൺലൈനിൽ അപേക്ഷിക്കണം. മാനേജ്മെൻറ്, ലക്ഷദ്വീപ് ക്വാട്ടകളിൽ അപേക്ഷിക്കുന്നവർ കോളേജിൽ അപേക്ഷിക്കുമ്പോൾ ഓൺലൈൻ അപേക്ഷാനമ്പർ നൽകണം. ലക്ഷദ്വീപിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് എല്ലാ കോളേജുകളിലും സീറ്റ് സംവരണംചെയ്തിട്ടുണ്ട്. അപേക്ഷിക്കുമ്പോൾ സാക്ഷ്യപത്രങ്ങളുടെ പകർപ്പ് അപ്‌ലോഡുചെയ്യണം. വെബ്സൈറ്റിൽ അക്കൗണ്ട് എടുത്തപ്പോൾ നൽകിയ അപേക്ഷയിലെ പേര്, സംവരണവിഭാഗം, മൊബൈൽ നമ്പർ, ഇ- മെയിൽ വിലാസം, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, അക്കാദമിക വിവരങ്ങൾ (മാർക്ക്) എന്നിവ ഒഴികെയുള്ള വിവരങ്ങൾ സാധ്യതാ അലോട്ട്മെൻറിനുശേഷം ആവശ്യമെങ്കിൽ തിരുത്താം.
ഈ ഘട്ടത്തിൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാം. സംവരണാനുകൂല്യത്തിന് അർഹതയുള്ളവർ ഓൺലൈൻ അപേക്ഷയ്ക്കൊപ്പം റവന്യൂ അധികൃതരുടെ കമ്യൂണിറ്റി അല്ലെങ്കിൽ കാസ്റ്റ് സർട്ടിഫിക്കറ്റിൻറെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡുചെയ്യണം. വിമുക്തഭടൻ, ജവാൻ, എൻസിസി, എൻഎസ്എസ് വിഭാഗങ്ങളിലെ ബോണസ് മാർക്ക് ലഭിക്കുന്നതിന് സർവകലാശാല പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസിലെ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡുചെയ്യണം. മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്കുള്ള സംവരണ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ റവന്യൂ അധികൃതരുടെ സാക്ഷ്യപത്രത്തിൻറെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡുചെയ്യണം.എയ്ഡഡ് കോളേജുകളിൽ കമ്യൂണിറ്റി മെറിറ്റ് സീറ്റുകളിൽ പ്രവേശനം തേടുന്നവരും ഓൺലൈനിൽ അപേക്ഷിക്കണം.
ഈ സീറ്റുകളിലേക്ക് ഓരോ സമുദായത്തിലെയും അപേക്ഷകരിൽനിന്ന് മെറിറ്റ് അടിസ്ഥാനത്തിലുള്ള അലോട്ട്മെൻറ് സർവകലാശാല നേരിട്ട് നടത്തും. ഈ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ റവന്യൂ അധികൃതരുടെ കമ്യൂണിറ്റി സർട്ടിഫിക്കറ്റിൻറെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡുചെയ്യണം. പ്രോസ്പെക്ടസിൽ നിർദേശിച്ച സാക്ഷ്യപത്രങ്ങളുടെ അസൽ, പ്രവേശനസമയത്ത് അതത് കോളേജ് പ്രിൻസിപ്പൽ മുൻപാകെ ഹാജരാക്കണം. വിവിധ പ്രോഗ്രാമുകളുടെ ഫീസ് സംബന്ധിച്ച വിശദാംശങ്ങൾ സർവകലാശാല ഏകജാലക പ്രവേശനത്തിൻറെ വെബ്സൈറ്റിൽ (cap.mgu.ac.in) ഉണ്ട്. ഓൺലൈനിൽ അപേക്ഷിക്കാൻ അഫിലിയേറ്റഡ് കോളേജുകളിലെ ഹെൽപ്പ് ഡെസ്കുകളുടെ സഹായംതേടാം.