ചെന്നൈ: ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ കടക്കെണിയിലായ യുവാവ് ആത്മഹത്യ ചെയ്തു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി മുകിലനാണ് ലക്ഷങ്ങളുടെ കടക്കെണിയിലായി ജീവനൊടുക്കിയത്. ‘ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിക്കണ’മെന്ന ശബ്ദസന്ദേശം കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും വാട്ട്സാപ്പില്‍ അയച്ച ശേഷമാണ് മൊബൈല്‍ ഫോണ്‍ ടെക്നീഷ്യനായ മുകിലന്‍ ആത്മഹത്യ ചെയ്തത്.
അയ്യര്‍കോവില്‍ സ്ട്രീറ്റില്‍ അമ്മയ്ക്കും സഹോദരന്റെ കുടുംബത്തിനും ഒപ്പമാണ് മുകിലന്‍ കഴിഞ്ഞിരുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് തുടങ്ങിയ ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ റമ്മി ഉള്‍പ്പടെയുള്ള കളികളില്‍ നിന്നു ചെറിയ രീതിയില്‍ പണം ലഭിച്ചു. തുടര്‍ച്ചയായി കളിച്ചതോടെ ഓണ്‍ലൈന്‍ ഗെയിമിന് അടിമയാകുകയും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി കളിക്കുകയും ചെയ്തു. ഒന്‍പത് ലക്ഷത്തോളം രൂപയുടെ കടക്കെണിയിലായതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സഹോദരന് അയച്ച വാട്ട്സാപ്പ് സന്ദേശത്തില്‍ താന്‍ വിട പറയുകയാണെന്നും അമ്മയെ നോക്കണമെന്നും പറയുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.