ശ്രീകണ്ഠപുരം: ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ഇടഞ്ഞുനില്‍ക്കുന്ന ജില്ലയിലെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെ അനുനയിപ്പിക്കാന്‍ അവസാനവട്ട ചർച്ചയ്ക്കായി ഉമ്മന്‍ ചാണ്ടി വെള്ളിയാഴ്ചയെത്തും. എ ഗ്രൂപ്പിലെ സോണി സെബാസ്റ്റ്യനെ ഒഴിവാക്കി മൂന്നാം ഗ്രൂപ്പിലെ സജീവ് ജോസഫിനെ സ്ഥാര്ഥിയാക്കിയതാണ് പ്രശ്നങ്ങള്‍ക്കിടയാക്കിയത്. കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പുകളിയിലൂടെയാണ് സജീവ് സ്ഥാനാര്‍ഥിയായതെന്നും ഇത് അംഗീകരിക്കില്ലെന്നും പറഞ്ഞ് കഴിഞ്ഞ രണ്ടാഴ്ചയായി എ ഗ്രൂപ്പ് സമരം നടത്തിവരുകയാണ്.
ശ്രീകണ്ഠപുരത്തെയും ആലക്കോട്ടെയും ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസുകള്‍ പൂട്ടി കരിങ്കൊടി കുത്തി പോസ്റ്റര്‍ പതിച്ചാണ് എ ഗ്രൂപ്പ് പ്രതിഷേധം തുടങ്ങിയത്. പിന്നീട് ശ്രീകണ്ഠപുരത്ത് പന്തല്‍കെട്ടി രാപ്പകല്‍ സമരവും നടത്തി. ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടലും വെല്ലുവിളിയും നടന്നു. എന്നിട്ടും നേതൃത്വം സ്ഥാനാര്‍ഥിയെ മാറ്റാത്തതിനാല്‍ കെ.പി.സി.സി ജന. സെക്രട്ടറി സോണി സെബാസ്റ്റ്യന്‍, യു.ഡി.എഫ് ജില്ല ചെയര്മാന് പി.ടി. മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നൂറോളം എ ഗ്രൂപ്പ് നേതാക്കള്‍ സ്ഥാനങ്ങള്‍ രാജിവെച്ച് വാര്‍ത്തസമ്മേളനവും നടത്തി. തുടര്‍ന്നാണ് പ്രശ്ന പരിഹാരത്തിന് ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരം യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസനും കെ.സി. ജോസഫ് എം.എല്‍.എയും കണ്ണൂരിലെത്തിയത്. സ്ഥാനാര്‍ഥിയെ മാറ്റാതെ പ്രശ്നപരിഹാരമില്ലെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ഉറപ്പിച്ചു പറഞ്ഞതോടെ ചര്‍ച്ച ഫലം കണ്ടില്ല. ഇതേത്തുടര്‍ന്നാണ് ചർച്ചയ്ക്കായി ഉമ്മന്‍ ചാണ്ടിയെത്തുന്നത്.