തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ നിയമിക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയെന്ന വ്യാജ വാര്‍ത്തകളില്‍ സഹപ്രവര്‍ത്തകര്‍ വീണുപോകരുതെന്ന മുന്നറിയിപ്പുമായി ഉമ്മന്‍ചാണ്ടി. ഇത്തരം വാര്‍ത്തകളെല്ലം ബോധപൂര്‍വ്വം സൃഷ്ടിക്കപ്പെട്ടതാണെന്നും അസത്യമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പ്രധാനമായും ഉയര്‍ന്നുവരുന്നത് വിഡി സതീശന്റേയും രമേശ് ചെന്നിത്തലയുടേയും പേരാണ്. ഇതില്‍ ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലക്കായി ആവശ്യം ശക്തമാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. പിന്നാലെ ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ പങ്കുവെക്കുന്ന പോസ്റ്റിന് കീഴില്‍ കോണ്‍ഗ്രസ് അനുകൂലികള്‍ പോലും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സ്വന്തം അണികള്‍ക്ക് മുന്നറിയിപ്പുമായി ഉമ്മന്‍ചാണ്ടി രംഗത്തെത്തിയത്.
ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ ഇങ്ങനെ
എ.ഐ.സി.സി നിരീക്ഷകര്‍ക്ക് മുന്നില്‍ എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിനുശേഷം പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ആരുമായും ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. മറിച്ചുള്ള മാധ്യമ വാര്‍ത്തകള്‍ അസത്യമാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്തെക്കുറിച്ച് വന്നിട്ടുള്ള അഭ്യുഹങ്ങള്‍ സത്യവിരുദ്ധമാണ്. അതു സംബന്ധിച്ച ചര്‍ച്ച ഒരു വേദിയിലും ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ച അശോക് ചവാന്‍ കമ്മിറ്റി കേരളത്തിലേക്ക് എത്താനിരിക്കുന്നതേയുള്ളൂ. ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ട വ്യാജവാര്‍ത്തകളില്‍ സഹപ്രവര്‍ത്തകര്‍ വീണു പോകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.