പത്തനംതിട്ട: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്യര്യ കേരളയാത്ര ജില്ലയിലെത്തുമ്പോള്‍ വിപുലമായ സ്വീകരണ സമ്മേളനങ്ങള്‍ ഒരുക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ യു.ഡി.എഫിന് കരുത്തായി നടത്തുന്ന ക്രമീകരണങ്ങള്‍ വിലയിരുത്തുവാന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി തന്നെ നേരിട്ടെത്തി. കോണ്‍ഗ്രസ് ഭവനില്‍ കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനുമയം നടത്തിയ ഉമ്മന്‍ചാണ്ടി എക്കാലവും യു.ഡി.എഫിന് ഒപ്പം ഉറച്ചുനിന്നിട്ടുള്ള ജില്ല തിരിച്ചുപിടിക്കാന്‍ പറ്റിയ രാഷ്ട്രീയ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സ്വീകരണ യോഗങ്ങള്‍ വന്‍ വിജയമാക്കണമെന്നും നേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു, പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറിമാരായ റിങ്കു ചെറിയാന്‍, അനീഷ് വരിക്കണ്ണാമല, യു.ഡി.എഫ് കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, അഡ്വ. എ. സുരേഷ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, ഹരികുമാര്‍ പൂതങ്കര, കെ.ജി അനിത, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
ജാഥയുടെ ജില്ലയിലെ ക്രമീകരണങ്ങള്‍ കോ-ഓഡിനേറ്റ് ചെയ്യാന്‍ ഡി.സി.സി വൈസ് പ്രസിഡന്‍റുമാരായ അഡ്വ. വെട്ടൂര്‍ ജ്യോതിപ്രസാദ്, അഡ്വ. എ. സുരേഷ് കുമാര്‍ എന്നിവരെ നിയമിച്ചതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു. യാത്രയുടെ ഒരുക്കങ്ങള്‍ക്കായി മണ്ഡലം, ബൂത്ത്, ബ്ലോക്ക് നേതൃയോഗങ്ങള്‍ കോണ്‍ഗ്രസ് പൂര്‍ത്തീകരിച്ചു.
17 ന് തിരുവല്ലയില്‍നിന്നും കോഴഞ്ചേരി പേരുച്ചാല്‍ മന്ദിരം വഴി റാന്നി, റാന്നിയില്‍ നിന്നും ഉച്ചക്ക് ശേഷം മണ്ണാറക്കുളഞ്ഞി – കുമ്പഴ – വെട്ടൂര്‍ – അട്ടച്ചാക്കല്‍ വഴി കോന്നി (4പി.എം), കോന്നിയില്‍ നിന്ന് പൂങ്കാവ്-വള്ളിക്കോട്-ചന്ദനപ്പള്ളി-കൊടുമണ്‍-ഏഴംകുളം വഴി അടൂര്‍ (6 പി.എം), അടൂരില്‍ നിന്നും തട്ട -കൈപ്പട്ടൂര്‍-ഓമല്ലൂര്‍ വഴി പത്തനംതിട്ടയില്‍ 7 പി.എം ന് സമാപനം എന്ന ക്രമത്തിലാണ് ഐശ്വര്യ കേരളയാത്ര എത്തുന്നത്.