തിരുവനന്തപുരം: ഒരുനാട് ഒന്നടങ്കം ഈ പകല്‍ വഴിയോരങ്ങളിലുണ്ട്. അവര്‍ കാത്തുനില്‍ക്കുകയാണ്. അവരെ ഓരോരുത്തരേയും ചേര്‍ത്തുപിടിച്ച അനുഭവങ്ങളില്‍ നിറഞ്ഞ് അവരുടെ നേതാവിനെ അവസാനമായൊന്നു കാണാന്‍ ആദരമര്‍പ്പിക്കാന്‍ സമയമെത്രയെടുത്താലും കണ്ടിട്ടേ പോകുവെന്ന നിശ്ചയദാര്‍ഡ്യത്തോടെ. തൊണ്ട പൊട്ടുമാറ് ഉച്ചത്തില്‍ ഇല്ല ഇല്ല മരിക്കുന്നില്ലെന്ന് ആര്‍ത്തലയ്ക്കുമ്പോഴും, തൊഴുകയ്യോടെ വിതുമ്പുമ്പോഴും തങ്ങളുടെ പ്രിയപ്പെട്ട നേതാവ് ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം അതിവേഗമല്ല, ഏറെ സമയമെടുത്തേ ഉള്‍ക്കൊള്ളാനാവൂ ഈ ആള്‍ക്കൂട്ടത്തിന്. എല്ലാ കവലകളും ഒരുപോലെയെന്ന് തോന്നിപ്പിക്കുന്ന ജനസഞ്ചയം. എല്ലായിടത്തും. കൊച്ചുകുട്ടികള്‍,സ്കൂള്‍ കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി തലമുറ ഭേദമില്ലാതെ മണിക്കൂറുകളായി കാത്തുനില്‍ക്കുന്ന അതില്‍ തെല്ലും മടുപ്പില്ലാത്ത ഒരു കൂട്ടം മനുഷ്യര്‍നല്ല മനുഷ്യനായിരുന്നെന്ന് ആളുകള്‍ ആവര്‍ത്തിക്കുന്നു.
കക്ഷി രാഷ്ട്രീയഭേദമന്യേ നാടൊട്ടുക്ക് ഉയര്‍ന്ന ഫ്ലക്സ് ബോര്‍ഡുകള്‍ ആ ജനകീയത വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. പോലീസും ഭരണകൂടവും കാര്യങ്ങള്‍ കൃത്യമായി ഏകോപ്പിപ്പിക്കുന്നുണ്ട്. ആര്‍ക്കും പരാതികളില്ല. രാഷ്ട്രീയം മറന്ന് എല്ലാ പ്രവര്‍ത്തകരും ഒരുമിച്ച് ഓരോ പ്രദേശത്തും ആളുകള്‍ക്ക് കാണുന്നതിനായി വേണ്ട സഹായങ്ങള്‍ ചെയ്ത് ഓടിനടക്കുന്ന കാഴ്ച. മറുവശത്ത് ഇന്നലെ ആ വിയോഗ വാര്‍ത്ത അറിഞ്ഞതുമുതല്‍ ഉള്ളുലഞ്ഞ പുതുപ്പള്ളി വിതുമ്പലടക്കി ക്ഷമയോടെ കാത്തിരിക്കുകയാണ്. രാവേറെയായാലും അവരുടെ കുഞ്ഞുഞ്ഞ് അവര്‍ക്കരികിലേക്കെത്തുമെന്ന് അവര്‍ക്കറിയാം. അവസാനമായി അവരും കണ്ടിട്ടേ പോകൂ. അവര്‍ക്കതാണ് അവരുടെ നേതാവ് കാണിച്ചുകൊടുത്ത ശീലം. എത്ര വൈകിയാലും കാണുമെന്ന ഉറപ്പ്.