പതിറ്റാണ്ടുകളായി ഗൂഗിളിന്റെ സര്‍വ്വാധിപത്യമേഖലയാണ് ‘വെബ് സെര്‍ച്ച്’. പല സെര്‍ച്ച് എഞ്ചിനുകള്‍ വേറെ ഉണ്ടായിരുന്നുവെങ്കിലും ഗൂഗിളിന് വെല്ലുവിളി സൃഷ്ടിക്കാന്‍ അവയ്ക്ക് ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ ഗൂഗിള്‍ സെര്‍ച്ചിനെ വെല്ലുവിളിച്ചുകൊണ്ട് പുതിയ വെബ് സെര്‍ച്ച് എഞ്ചിനുമായി എത്തിയിരിക്കുകയാണ് ഓപ്പണ്‍ എ.ഐ. ചാറ്റ് ജിപിടി സെര്‍ച്ച് എന്ന പേരില്‍ അവതരിപ്പിച്ചിരിക്കുന്ന ഈ വെബ് സെര്‍ച്ച് പ്ലാറ്റ്‌ഫോം ഉപയോക്താക്കളുടെ അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ വേഗത്തിലും കൃത്യതയോടെയും മറുപടി നല്‍കുമെന്നാണ് ഓപ്പണ്‍ എ.ഐയുടെ അവകാശവാദം.
ഉപയോക്താവ് ചോദിക്കുന്നതിന് അനുസരിച്ച് ചാറ്റ് ജി.പി.ടി തന്നെ വെബ് സെര്‍ച്ച് നടത്തും. അല്ലെങ്കില്‍ വെബ് സെര്‍ച്ച് ഐക്കണില്‍ ക്ലിക്ക് ചെയ്ത് നേരിട്ട് തന്നെ വെബ് സര്‍ച്ചിലേക്ക് പോകാം. ചാറ്റ് ജി.പി.ടി പ്ലസ്, ടീം ഉപയോക്താക്കള്‍ക്ക് ഈ സംവിധാനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. എന്റര്‍പ്രൈസ്, എഡ്യു ഉപയോക്താക്കള്‍ക്ക് വരും ദിവസങ്ങളില്‍ ഈ അപ്‌ഡേഷന്‍ ലഭിക്കും. വരും മാസങ്ങളില്‍ സൗജന്യ ചാറ്റ് ജിപിടി ഉപയോക്താക്കളിലേക്കും ജിപിടി സെര്‍ച്ച് ഓപ്ഷന്‍ എത്തുമെന്നും ഓപ്പണ്‍ എ.ഐ വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പണ്‍ എ.ഐയുടെ ജിപിടി 4 മോഡല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സെര്‍ച്ച് എഞ്ചിനാണ് ഇത്. ഇന്റര്‍നെറ്റില്‍ നിന്നുള്ള തത്സമയ വിവരങ്ങള്‍ എഐയുടെ സഹായത്തോടുകൂടിയുള്ള ക്രമീകരണങ്ങളോടെ ഉപഭോക്താവിന് ലഭിക്കും. കായിക മത്സരങ്ങളുടെ വിവരങ്ങള്‍, വാര്‍ത്തകള്‍, സ്‌റ്റോക്ക് വിവരങ്ങള്‍ തുടങ്ങിയവ വിവരങ്ങളായും ചിത്രങ്ങളായുമെല്ലാം ലഭിക്കും.
സെര്‍ച്ചുകള്‍ക്ക് ലഭിക്കുന്ന ലിങ്കുകള്‍ നിര്‍ദേശിക്കുന്നതിലുപരി ഉപഭോക്താവിന്റെ ചോദ്യങ്ങള്‍ക്ക് ഓരോ വെബ്സൈറ്റുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ചുള്ള സംഗ്രഹം നല്‍കാന്‍ സെര്‍ച്ച് ജിപിടിയ്ക്ക് സാധിക്കും. സെര്‍ച്ചുകളുടെ ഫോളോ അപ് ചോദ്യങ്ങളും ഉന്നയിക്കാനുള്ള സംവിധാനവും ജി.പി.ടി സെര്‍ച്ചിലുണ്ട്. സെര്‍ച്ചുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്ന കൂടുതല്‍ അപ്‌ഡേറ്റുകള്‍ ഭാവിയില്‍ വരുമെന്ന് ഓപ്പണ്‍ എ.ഐ വിശദീകരിച്ചു. അഡ്വാന്‍സ് വോയിസ് മോഡും വെബ് സെര്‍ച്ചില്‍ കൊണ്ടുവരും. ഇത് ലോഗിന്‍ ചെയ്യാത്ത സൗജന്യ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും ഓപ്പണ്‍ എ.ഐ വ്യക്തമാക്കി.