യാങ്കോൺ: മ്യാൻമറിൽ ഇന്ത്യൻ ആർമി ഫീൽഡ് ആശുപത്രിയിൽ ഓപ്പറേഷൻ ബ്രഹ്മ ചികിത്സിച്ചത് 800 പേരെ. ഇന്ത്യൻ സൈന്യത്തിന്റെ എയർ ഫോഴ്സ് സി-17 എയർക്രാഫ്റ്റ് ഇന്ന് ആശുപത്രിയിലേക്കുള്ള അവശ്യ സാധനങ്ങളുമായി മ്യാൻമറിലെത്തി. ഭൂചലന ദുരന്ത ബാധിത പ്രദേശങ്ങളിൽ നടത്തിയ മാനുഷിക പ്രവർത്തനങ്ങളെ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങ് അഭിനന്ദിച്ചു. മ്യാൻമറിലെ ദുരിത ബാധിതർക്ക് ഭക്ഷണമുൾപ്പെടെയുള്ള അവശ്യ സഹായങ്ങൾ നൽകി ഇന്ത്യൻ ടീം തിരികെ എത്തിയതായും അദ്ദേഹം എക്സിൽ കുറിച്ചു. ശനിയാഴ്ച ധാന്യങ്ങൾ, ബിസ്കറ്റ് തുടങ്ങിയ ഭക്ഷ്യ ധാന്യങ്ങളുമായി ഇന്ത്യൻ നേവിയുടെ ഐ.എൻ.എസ് ഗരിയൽ തീലാവാ തുറമുഖത്തെത്തിയിരുന്നു.
ഭൂചലനമുണ്ടായപ്പോൾ മ്യാൻമറിനെ സഹായിക്കാൻ ആദ്യം നടപടിയെടുത്ത രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. വെള്ളിയാഴ്ച തായ് ലാൻഡിൽ നടന്ന ബിംസ്റ്റെക് സമ്മിറ്റിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമർ സീനിയർ ജനറൽ മിൻ ഓങ് ഹ്ലെയിങുമായി കൂടികാഴ്ച നടത്തിയിരുന്നു. കൂടികാഴ്ചയ്ക്കിടയിൽ ദുരന്തത്തെ നേരിടാൻ ഒപ്പമുണ്ടാകുമെന്ന് മോദി അറിയിച്ചു. ഒപ്പം എത്രയും വേഗം തെരഞ്ഞെടുപ്പ് നടത്തി രാജ്യത്ത് ജനാധിപത്യം തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.