ദില്ലി: സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി. സൗദി വഴി വിമാനത്തിലും കപ്പലിലുമായി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. ഐഎന്‍എസ് സുമേധാ കപ്പലില്‍ 278 ഇന്ത്യക്കാരുമായി ആദ്യ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഇവര്‍ ഇന്നു രാത്രി പ്രാദേശിക സമയം 9.30ന് ജിദ്ദയിലെത്തും.
പോര്‍ട്ട് സുഡാനില്‍ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തില്‍ നാട്ടിലെത്തിക്കും. അഞ്ഞൂറ് ഇന്ത്യക്കാര്‍ പോര്‍ട്ട് സുഡാനില്‍ എത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐഎന്‍എസ് സുമേധയില്‍ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേനാ വിമാനത്തില്‍ നാട്ടിലെത്തിക്കാനാണ് തീരുമാനം. അതിനിടെ സുഡാനില്‍ വെടി നിര്‍ത്തല്‍ 72 മണിക്കൂര്‍ കൂടി നീട്ടി.





























