പാലക്കാട് : ഓപ്പറേഷന്‍ കുബേരയുടെ ഭാഗമായി പാലക്കാട് വിവിധയിടങ്ങളില്‍ നടത്തിയ പോലീസ് റെയ്ഡില്‍ നാലുപേര്‍ അറസ്റ്റില്‍. കൊടുമ്പ് സ്വദേശി ഷിജു, കിഴക്കഞ്ചേരി സ്വദേശി കണ്ണന്‍, പട്ടാമ്പി സ്വദേശികളായ ഷഫീര്‍, ഹംസ എന്നിവരാണ് അറസ്റ്റിലായത്.
ഇതിന് പുറമെ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. റെയ്ഡില്‍ 1,18,000 രൂപയും ചെക്കുകള്‍, പ്രോമിസറി നോട്ടുകള്‍ തുടങ്ങിയ രേഖകളും പിടിച്ചെടുത്തു. ഇതിന് പുറമെ നാല് മോട്ടോര്‍ ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. എലപ്പുള്ളി സ്വദേശി ഭരതരാജന്‍, വാളയാര്‍ സ്വദേശി സുധീഷ്, ഇളവമ്പാടം സ്വദേശി പ്രഭാകരന്‍, വടക്കഞ്ചേരി സ്വദേശി ഷിബു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം അഞ്ച് ഡിവൈഎസ്പി മാരുടെയും 33 സി ഐമാരുടെയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
അനധികൃതമായി പണം പലിശയ്ക്ക് കൊടുക്കുന്നവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായി 91 റെയ്ഡുകളാണ് പോലീസ് നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞമാസം രണ്ടു പേരാണ് പാലക്കാട് ജില്ലയില്‍ ആത്മഹത്യ ചെയ്തത്.
ഇതേ തുടര്‍ന്നാണ് പോലീസ് പരിശോധന ശക്തമാക്കിയത്. മുണ്ടൂര്‍ വള്ളിക്കോട് സ്വദേശി വേലുക്കുട്ടി, എലവഞ്ചേരി സ്വദേശി കണ്ണന്‍ക്കുട്ടി എന്നിവരാണ് കഴിഞ്ഞ മാസം ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. വേലുക്കുട്ടിയുടെ മരണത്തില്‍ മൂന്നു പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ പാലക്കാട് സ്വദേശി സുധാകരനെ അറസ്റ്റ് ചെയ്തു. മറ്റു പ്രതികള്‍ ഒളിവിലാണ്.