ശബരിമല : വാട്ടർ അതോറിറ്റി ശബരിമലയിലെ ജലശുദ്ധീകരണശാലകളുടെ പ്രവർത്തനം പൂർണശേഷിയിലേക്കുയർത്തി. മകരവിളക്ക് മഹോത്സവകാലത്തെ ഭക്തജനത്തിരക്കിന്റെ ഭാഗമായാണ് 13 ദശലക്ഷം ലിറ്ററിന്റെ ജലശുദ്ധീകരണശേഷി പൂർണ്ണമായി വിനിയോഗിക്കാൻ 24 മണിക്കൂർ ഉത്പാദനം ആരംഭിച്ചതെന്ന് വാട്ടർ അതോറിറ്റി പമ്പ അസിസ്റ്റന്റ് എൻജിനീയർ പ്രദീപ്കുമാർ.എം.എസ് പറഞ്ഞു. 35000 ലിറ്റർ ശുദ്ധജലമാണ് ഇത്തരത്തിൽ പമ്പമുതൽ സന്നിധാനം വരെ വിതരണം ചെയ്യുന്നത്. ഇതിനായി 5000 ലിറ്റർ ശേഷിയുള്ള 13 ആർ.ഒ പ്ലാന്റുകളാണ് ഉള്ളത്. കൂടാതെ നിലയ്ക്കലിൽ 1000 ലിറ്റർ കപ്പാസിറ്റി ഉള്ള 26 പ്ലാന്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം തന്നെ ഇപ്പോൾ പൂർണ്ണതോതിൽ പ്രവർത്തിക്കുകയാണ്.
പമ്പ ത്രിവേണിയിലുള്ള ഇൻടേക്ക് പമ്പ്ഹൗസിൽ നിന്നുമാണ് ജലശുദ്ധീകരണത്തിനുള്ള റോവാട്ടർ ശേഖരിക്കുന്നത്. പ്രകൃതിദത്തമായി ഏറ്റവും മികച്ച വെള്ളമാണ് ഇതെന്നാണ് പരിശോധനാഫലങ്ങൾ വ്യക്തമാക്കുന്നത്. പ്രഷർ ഫിൽട്രേഷൻ നടത്തി അണുവിമുക്തമാക്കിയാണ് ഇത് വിതരണം ചെയ്യുന്നത്. സന്നിധാനത്ത് 8 ദശലക്ഷം ലിറ്ററിന്റെയും പമ്പയിൽ 5 ദശലക്ഷം ലിറ്ററിന്റെയും വിതരണശേഷിയാണ് വാട്ടർ അതോറിറ്റിക്കുള്ളത്. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി നിലക്കലിലേക്കുള്ള ടാങ്കർ മുഖേനയുള്ള ജലവിതരണം പ്രതിദിനം 1700 കിലോ ലിറ്ററിൽനിന്ന് 2000 കിലോ ലിറ്റർ ആയി ഉയർത്തിയിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ പമ്പ സെക്ഷനിൽ നിലവിൽ 180 ജീവനക്കാരാണ് മൂന്ന് ഷിഫ്റ്റുകളിലായി ജലശുദ്ധീകണവും വിതരണവും നടത്തുന്നത്.