തിരുവനന്തപുരം: ‘ഓപറേഷൻ സ്പോട്ട് ട്രാപ്പി’ൻറെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ കൈക്കൂലിക്കാരായ 700 ഓളം സർക്കാർ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലൻസ് തയാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികയിലുള്ള ചില ഉദ്യോഗസ്ഥർ ഇതിനകം തന്നെ പിടിയിലായിട്ടുണ്ട്. അഴിമതിക്കാരായ ചില കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരും വിജിലൻസിൻറെ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്പോട്ട് ട്രാപ്പിൻറെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസങ്ങളിലായി അഴിമതിക്കാരായ 36 പേരെ അറസ്റ്റ് ചെയ്തു. 25 കേസുകൾ രജിസ്റ്റർ ചെയ്തു. വിജിലൻസ് ചരിത്രത്തിൽ മൂന്നു മാസത്തിനുള്ളിൽ ഇത്രയധികം ട്രാപ് കേസുകളും അറസ്റ്റും നടക്കുന്നത് ആദ്യമാണ്. മാർച്ചിൽ മാത്രം എട്ട് കേസുകളിലായി 14 പേരെയാണ് വിജിലൻസ് പിടികൂടിയത്.
ജനുവരിയിൽ എട്ടു കേസുകളിലായി ഒമ്പതുപേരെയും ഫെബ്രുവരിയിൽ ഒമ്പതു കേസുകളിലായി 13 പേരെയും അറസ്റ്റ് ചെയ്തു. ഇതിൽ 14 പേർ റവന്യൂ ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണം, പൊലീസ് വകുപ്പുകളിൽ നിന്ന് നാല് വീതം ഉദ്യോഗസ്ഥരും വനം വകുപ്പിൽ നിന്ന് രണ്ടുപേരും വാട്ടർ അതോറിറ്റി, മോട്ടോർ വാഹനം, രജിസ്ട്രേഷൻ, എന്നീ വകുപ്പുകളിൽ നിന്ന് ഓരോരുത്തർ വീതവും കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ഡെപ്യൂട്ടി ജനറൽ മാനേജരുമാണ്. ഇതുകൂടാതെ, നാല് ഏജൻറുമാരെയും സർക്കാർ ഉദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ നാലുപേരെയും വിജിലൻസ് അറസ്റ്റ്ചെയ്തു.