തിരുവനന്തപുരം : നിയമസഭാ കൈയാങ്കളി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം. സുപ്രീംകോടതി ചോദിച്ചത് യു.ഡി.എഫ് ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ അഭിപ്രായപ്പെട്ടു.
കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി അന്തിമമായി വിധികല്‍പ്പിച്ച സാഹചര്യത്തില്‍ മന്ത്രി വി.ശിവന്‍കുട്ടി തല്‍സ്ഥാനം രാജിവയ്‌ക്കണം. പരിപാവനമായ നിയമസഭ തല്ലിത്തകര്‍ക്കാന്‍ നേതൃത്വം കൊടുത്ത ഒരാള്‍ മന്ത്രി പദവിയിലിരിക്കുന്നത് സഭയ്‌ക്ക് ഭൂഷണമല്ലെന്ന് പ്രതിപക്ഷനേതാവ് അഭിപ്രായപ്പെട്ടു. ധാര്‍മ്മികമായും നിയമപരമായും അത് ശരിയല്ല. മന്ത്രി രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി രാജി ആവശ്യപ്പെടണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.