പത്തനംതിട്ട: രാജ്യത്തെ അടിസ്ഥാന വർഗ്ഗമായ പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് നിയമനിർമ്മാണ – നീതിന്യായ – ഭരണ നിർവഹണ രംഗത്ത് എന്തെങ്കിലും പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുവാൻ സഹായിക്കുന്ന ജാതി സെൻസസിനെ എതിർക്കുന്നവർ ചാതുർവർണ്യത്തിന്റെ ഉപാസകർ മാത്രമാണെന്ന് മെക്ക സംസ്ഥാന പ്രസിഡന്റ് പ്രൊഫ. ഡോ. പി. നസീർ പറഞ്ഞു. പത്തനംതിട്ട ടൗൺഹാളിൽ മെക്ക ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടീഷ് കാര്‍ പോലും 1931 – വരെ നാട്ടിൽ ജാതി സെൻസസ് നടത്തിയിരുന്നു. സ്വതന്ത്ര ഇന്ത്യയിൽ ഇനിയും ജാതി സെൻസസ് നടത്താത്ത ഭരണകൂടങ്ങൾ രാജ്യത്തെ അടിസ്ഥാന വർഗ്ഗത്തിനെതിരേ ചെയ്തു കൊണ്ടിരിക്കുന്നത് കടുത്ത അനീതിയും അവസര സമത്വം നിഷേധിക്കലുമാണ്.
നാലു ശതമാനം ഭിന്നശേഷി സംവരണം നടപ്പിലാക്കാനുള്ള തീരുമാനത്തെ മെക്ക സ്വാഗതം ചെയ്യുന്നു. എന്നാൽ ഭിന്നശേഷി സംവരണത്തിന്റെ മറവിൽ മുസ്‌ലിം ഉദ്യോഗാർത്ഥികളുടെ 20% സംവരണ ആനുകൂല്യം വെട്ടിക്കുറച്ചത് അങ്ങേയറ്റത്തെ നീതി നിഷേധമാണ്. ഈ വിഭാഗത്തിന് ലഭ്യമാവേണ്ട 12 ശതമാനം സംവരണാനുകൂല്യം തികയാൻ 7383 തസ്തികകളുടെ ബാക്ക് ലോഗ് ഇപ്പോഴും നിലനിൽകുന്ന സാഹചര്യത്തിലാണ് അനുവദിക്കപ്പെട്ടതിൽ നിന്നും വീണ്ടുമൊരു കടും വെട്ട് നടത്തിയിരിക്കുന്നത്. ഇത് അതിവേഗം പുനസ്ഥാപിക്കുകയും യാതൊരുവിധ ചർച്ചയോ നിയമ നിർമ്മാണമോ നടത്താതെ മുസ്‌ലിം ഉദ്യോഗാർത്ഥികളുടെ സംവരണാനുപാതത്തിൽ നിന്നും 20 ശതമാനം വെട്ടിക്കുറച്ചതിനു പിന്നിൽ പ്രവർത്തിച്ചവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറി കടയ്ക്കൽ ജുനൈദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം അഖ്നിസ് മുഖ്യപ്രഭാഷണവും യഹിയകുട്ടി പ്രാർത്ഥനയും ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ ആമുഖ പ്രഭാഷണവും നടത്തി. എം എ ലത്തീഫ്, എസ്സ് അഫ്സൽ പത്തനംതിട്ട, എം എച്ച് ഷാജി, യൂസുഫ് മോളൂട്ടി, ടി എസ് അസീസ് തൊടുപുഴ, എച്ച് നജീബ്, അഡ്വക്കേറ്റ് എൻ മുഹമ്മദ് അൻസാരി, മെഹബൂബ് പത്തനംതിട്ട, അബ്ദുൽസലാം ക്ലാപ്പന, മഹമൂദ് കരുനാഗപ്പള്ളി,ഡോ എസ് അഹമ്മദ്, അബ്ദുൽ സലാം, എച്ച് അബ്ദുൽ റസാക്ക്, ഷംസുദ്ദീൻ,അഫ്സൽ ആനപ്പാറ, അബ്ദുല്ലത്തീഫ് സേട്ട് എന്നിവർ സംസാരിച്ചു. പുതിയ ജില്ലാ ഭാരവാഹികളായി യഹിയകുട്ടി പത്തനംതിട്ട, മുഹമ്മദ് ഇസ്മായിൽ(രക്ഷാധികാരികൾ), വൈ അബ്ദുൽ റഷീദ് പന്തളം (പ്രസിഡൻറ്), ടി എ മുഹമ്മദ് ശരീഫ്, റഫീഖ് പന്തളം(വൈസ് പ്രസിഡൻറ്), അബ്ദുൽ മാലിക് മണ്ണടി(സെക്രട്ടറി), അബ്ദുൽ റഊഫ് പത്തനംതിട്ട, സിറാജുദ്ദീൻ (ജോ.സെക്രട്ടറി), മുഹമ്മദ് സാലി എം എ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.