തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം നടക്കുന്നതുവരെ കൊവിഡ് പരിശോധനാ ഫലങ്ങൾ രഹസ്യമാക്കി വയ്ക്കുന്നുവെന്ന ആരോപണം ശക്തമാക്കി പ്രതിപക്ഷം. പരിശോധനഫലം പോസിറ്റീവാണെങ്കിൽ ഉടൻ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുന്നുണ്ടെന്നും പ്രതിപക്ഷത്തിന്റെത് അനാവശ്യ ആരോപണമാണെന്നുമാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
മുഖ്യമന്ത്രിയുടെ വൈകുന്നേരമുള്ള വാർത്തസമ്മേളനം വരെ കൊവിഡ് പരിശോധനഫലങ്ങൾ ആരോഗ്യപ്രവർത്തകർക്ക് പോലും കൈമാറുന്നില്ലെന്നായിരുന്നു പ്രതിപക്ഷ ആരോപണം. ആദ്യം പി. ടി തോമസ് എംഎൽഎയും പിന്നീട് എം. കെ മുനീറും ഇതേ വാദവുമായി രംഗത്തെത്തിയിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ മരിച്ച കുഞ്ഞിന്റെ പരിശോധനഫലം പുറത്തുവിടാൻ വാര്‍ത്താസമ്മേളനം വരെ കാത്തിരുന്നുവെന്നായിരുന്നു മുനീറിന്റെ ആരോപണം.
പ്രതിപക്ഷ നേതാവും ഇതിനെ പിന്തുണച്ച് രംഗത്തെത്തി. എന്നാൽ ഈ ആരോപണങ്ങൾ ആരോഗ്യവകുപ്പ് പൂർണമായും തള്ളുകയാണ്. ആരോഗ്യ വകുപ്പിന്റെ മനോവീര്യം തകര്‍ക്കാനാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് മന്ത്രിയുടെ പ്രതികരണം. വൈറോളജി ലാബുകളില്‍ നിന്നുള്ള ഫലങ്ങള്‍ നെഗറ്റീവായാല്‍ സാമ്പിളുകള്‍ അയച്ച ആശുപത്രികള്‍ക്കും മറിച്ചാണെങ്കിൽ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുമാണ് അയക്കുന്നതെന്നും ആരോഗ്യവകുപ്പിന്റെ വിശദീകരണത്തിൽ പറയുന്നു.
പോസിറ്റീവ് കേസുകൾ ഉടൻ ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍മാർക്ക് അയക്കും. ഇവർ തുടര്‍ നടപടികളെടുക്കും. നിരീക്ഷണത്തിലോ ആശുപത്രികളിലോ ഉള്ളവരുടേതാണ് ഫലമെന്നതിനാൽ രോഗികളെ രോഗപകര്‍ച്ച ഉണ്ടാകാതെ ഐസൊലേഷനിലേക്ക് മാറ്റാം. സമാന്തരമായി സമ്പർക്കപ്പട്ടികയും തയ്യാറാക്കും. വാര്‍ത്താസമ്മേളനത്തിന് ശേഷം വരുന്ന ഫലങ്ങൾക്കും ഇതേ നടപടികളാണ് സ്വീകരിക്കുന്നത്. എന്നാൽ കൃത്യതയ്ക്ക് വേണ്ടി അടുത്ത ദിവസത്തെ കണക്കിൽ ഉൾപ്പെടുത്തും. ജന്മനാ ഗുരുതര രോഗങ്ങളുള്ള കുഞ്ഞിന്റെ മരണം പോലും ദുർവ്യാഖ്യാനം ചെയ്യുന്നത് നിർഭ്യാകരമാണെന്നാണ് ആരോഗ്യവകുപ്പിന്റെ മറുപടി.