തിരുവനന്തപുരം: കെ സുധാകരനിലാണ് കോണ്‍ഗ്രസ് അണികളുടെ പ്രതീക്ഷ. തിരിച്ചു വരവിന് സംഘടന അടിമുടി മാറണം. ഇതിന് സുധാകരനേ കഴിയൂവെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. നെഞ്ചു വിരിച്ച് സിപിഎമ്മിനെ നേരിടാന്‍ പി.ടി തോമസും വേണം. ഈ വികാരം മുതലെടുത്ത് രമേശ് ചെന്നിത്തലയെ വെട്ടാനാണ് കെ.സി വേണുഗോപാലിന്റെ ശ്രമം. വി.ഡി സതീശനെ പ്രതിപക്ഷ നേതാവക്കണമെന്നതാണ് ആവശ്യം. എന്നാല്‍ കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനാകുന്നത് അംഗീകരിക്കാനും പറ്റുന്നില്ല ഏതായാലും വന്‍ പ്രഖ്യാപനങ്ങള്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് നടത്തുമെന്നാണ് സൂചന.
ഒന്നാം പിണറായി സര്‍ക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് യുഡിഎഫിന്റെ പടനയിച്ച രമേശിനെ മാറ്റുന്നത് അനീതിയാണെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ വാദിക്കുന്നു. ഇതില്‍ ശരിയുമുണ്ട്. അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി വാദിക്കുന്നത്. എ ഗ്രൂപ്പിന്റെ പിന്തുണ കൂടിയുള്ളതിനാല്‍ എംഎല്‍എമാരില്‍ ബഹുഭൂരിഭാഗവും ചെന്നിത്തലയെയാണ് പിന്തുണയ്ക്കുന്നത്. എന്നാല്‍ നേതൃമാറ്റമെന്ന പ്രവര്‍ത്തകരുടെ വികാരം ഉയര്‍ത്തി ചെന്നിത്തലയെ പുറത്താക്കാനാണ് നീക്കം. ഇതോടെ ഐ ഗ്രൂപ്പില്‍ ചെന്നിത്തലയുടെ പ്രസക്തി കുറയും. ഗ്രൂപ്പ് നേതാവായി കെ.സി വേണുഗോപാല്‍ മാറുകയും ചെയ്യും.
ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയോടെ വി.ഡി. സതീശന്‍ നേതാവായേക്കുമെന്ന സൂചനകള്‍ ശക്തമായെങ്കിലും ഹൈക്കമാന്‍ഡ് സ്ഥിരീകരിച്ചില്ല. രമേശ് ചെന്നിത്തലയെ മാറ്റരുതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെടുന്നു. പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതു സംബന്ധിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ, വി. വൈത്തിലിംഗം എന്നിവര്‍ ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. തിരുവനന്തപുരത്ത് എംഎല്‍എമാരുമായി ഒറ്റയ്‌ക്കൊറ്റയ്ക്ക് ഖര്‍ഗെ നടത്തിയ കൂടിക്കാഴ്ചയില്‍, ഭൂരിഭാഗം പേരും തങ്ങളെയാണ് അനുകൂലിച്ചതെന്ന പ്രതീക്ഷ രമേശും സതീശനും ഒരുപോലെ പങ്കുവെയ്ക്കുന്നു.
എന്നാല്‍ കൂടുതല്‍ പേരും പിന്തുണച്ചത് ചെന്നിത്തലയെ ആയിരുന്നു. ഐ ഗ്രൂപ്പിലെ വിള്ളലിനെ എ ഗ്രൂപ്പിന്റെ പിന്തുണയില്‍ ചെന്നിത്തല തകര്‍ത്തു. അതിനിടെ കെപിസിസി പ്രസിഡന്റായി കെ. സുധാകരനെയും യുഡിഎഫ് കണ്‍വീനറായി പി.ടി. തോമസിനെയും നിയോഗിച്ചേക്കുമെന്ന സൂചനകളും പുറത്തുവന്നു. എന്നാല്‍ ഈ പദവികളിലെ തീരുമാനങ്ങള്‍ വൈകാനാണു സാധ്യത. പ്രതിപക്ഷ നേതൃപദവിയില്‍ നിന്നു മാറുന്നതു സംബന്ധിച്ച് ഹൈക്കമാന്‍ഡില്‍ നിന്ന് ഒരു സന്ദേശവും ചെന്നിത്തലയ്ക്കു ലഭിച്ചിട്ടില്ല. ഉമ്മന്‍ ചാണ്ടിയുടെ പിന്തുണയും രമേശിനുണ്ട്.
ഇരുവരെയും മറികടന്നുള്ള തീരുമാനത്തിന് ഹൈക്കമാന്‍ഡ് മുതിര്‍ന്നാല്‍ സംസ്ഥാന കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ ചലനമുണ്ടാകും. രമേശിനു പിന്തുണ നല്‍കുന്നതിനു പകരം കെപിസിസി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെടാനും അതിലേക്ക് മുതിര്‍ന്ന നേതാവ് കെ.സി. ജോസഫിന്റെ പേര് മുന്നോട്ടു വെയ്ക്കാനും എ ഗ്രൂപ്പ് ആലോചിക്കുന്നു. ഇതു നടക്കാന്‍ ഇടയില്ല. കെപിസിസി അധ്യക്ഷനായി സുധാകരന് തന്നെയാണ് കൂടുതല്‍ സാധ്യത. പ്രതിപക്ഷ നേതൃതലത്തില്‍ മാറ്റം അനിവാര്യമാണെന്നു വാദിക്കുന്ന യുവ എംഎല്‍എമാരില്‍ ചിലരാണു സതീശനു പിന്നിലുള്ളത്. കെ. സുധാകരന്‍ അടക്കമുള്ള ഏതാനും എംപിമാരും നേതൃമാറ്റത്തെ അനുകൂലിക്കുന്നു.
സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉള്‍പ്പെടെ കേരളത്തിലെ മിക്കകാര്യങ്ങളിലും കെ.സി വേണുഗോപാല്‍ അനാവശ്യമായി കൈകടത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഇത് പലപ്പോഴും പ്രസിസന്ധിയിലാക്കിയിട്ടുണ്ട്. ഇപ്പോള്‍ വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനും കച്ചകെട്ടിയിറങ്ങിയിരിക്കുന്നത് കെ.സി വേണുഗോപാലാണ്. കേരളത്തിലെ പ്രവര്‍ത്തകരിലും നേതാക്കള്‍ക്കിടയിലും തികഞ്ഞ അവമതിപ്പാണ് കെ.സി യെക്കുറിച്ച് ഉള്ളത്.
കേരളത്തിലെ യഥാര്‍ഥ വസ്തുത മറച്ചുവെച്ചുകൊണ്ടുള്ള വിവരങ്ങളാണ് ഹൈക്കമാന്റില്‍ ഇദ്ദേഹം ധരിപ്പിക്കുന്നത്. രാഹുല്‍ഗാന്ധി അടക്കമുള്ളവരിലേക്ക് തെറ്റിദ്ധാരണജനകമായ വാര്‍ത്ത എത്തുന്നതോടുകൂടി അവര്‍ സ്വീകരിക്കുന്ന നിലപാടുകളും തെറ്റായി മാറുന്നു. ഇത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അടിത്തറ തോണ്ടുകയാണെന്ന് ഒരു മുതിര്‍ന്ന നേതാവ് തുറന്നു പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേരെയാകണമെങ്കില്‍ ആദ്യം ഹൈക്കമാന്റിന്റെ ചെവികടിച്ചുപറിക്കുന്ന കെ.സി വേണുഗോപാലിനെ പുറത്താക്കണം എന്നുതന്നെയാണ് മിക്കവരുടെയും വികാരം. ഐ ഗ്രൂപ്പില്‍ വിള്ളലുകള്‍ ഉണ്ടാക്കി ഗ്രൂപ്പ് പിടിച്ചെടുത്ത് നേതാവാകാനാണ് കെ.സി.വേണുഗോപാലിന്റെ ശ്രമം. ഇതിനു ഹൈക്കമാന്റ് വഴിപ്പെട്ടാല്‍ കേരളത്തിലെ കോണ്ഗ്രസില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വഴിവെക്കും.