ഡല്‍ഹി: കേരളത്തിലെ പ്രതിപക്ഷ നേതാവിനെ നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള എഐസിസി പ്രഖ്യാപനം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് സൂചന. ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവിനെ മാത്രമായിരിക്കും നാളെ എഐസിസി പ്രഖ്യാപിക്കുക. കെപിസിസി പ്രസിഡന്റ് , യുഡിഎഫ് കണ്‍വീനര്‍ പദവികളിലേയ്ക്കുള്ള പ്രഖ്യാപനം വീണ്ടും നീളാനാണ് സാധ്യത.
പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് അഡ്വ. വി.ഡി സതീശനെയാകും എഐസിസി പ്രഖ്യാപിക്കുകയെന്നാണ് സൂചന. എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്കിടയില്‍ ഹൈക്കമാന്റ് പ്രതിനിധികള്‍ നടത്തിയ ഹിതപരിശോധനയില്‍ സതീശന്റെ പേരിനായിരുന്നു മുന്‍തൂക്കം എന്നുപറയുന്നു. സംസ്ഥാനത്ത് നേതൃമാറ്റം ആവശ്യമുണ്ടോ എന്നായിരുന്നു ഹൈക്കമാന്റ് പ്രതിനിധികളുടെ ചോദ്യം. ഉണ്ടെന്ന നിലപാടാണ് ഭൂരിപക്ഷം ജനപ്രതിനിധികളും സ്വീകരിച്ചത്. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് കെ സുധാകരന്റെ പേരിനാണ് മുന്‍തൂക്കം. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് പി.ടി തോമസിനാകും സാധ്യത. എന്നാല്‍ ഈ പ്രഖ്യാപനങ്ങള്‍ നാളെ ഉണ്ടാകില്ല.