കോഴിക്കോട്: വയനാട്ടിലെ കോൺഗ്രസ് നേതാവിന്റെയും മകന്റെയും ആത്മഹത്യയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കെപിസിസിക്ക് പരാതി കിട്ടിയതായി അറിയില്ലെന്ന് വിഡി സതീശൻ പറഞ്ഞു. സംഭവത്തിൽ ഏത് അന്വേഷണവും നടത്തിക്കോട്ടെ. ആരെങ്കിലും തെറ്റ് ചെയ്തെങ്കിൽ സംരക്ഷിക്കില്ലെന്നും വിഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ചെറുപ്പക്കാരെ കൊന്ന കേസാണ് പെരിയ കേസ്. ഗൂഢാലോചന മാത്രമല്ല പാർട്ടി നടത്തിയത്. മുഴുവൻ ആസൂത്രണവും പാർട്ടിയാണ് നടത്തിയത്. പ്രതികളെ ഒളിപ്പിക്കാൻ ശ്രമം നടത്തിയതും സിപിഎം ആണ്. ഭീകര സംഘടനയെക്കാൾ മോശം ആണ് സിപിഎം. ബ്ലൂ പ്രിൻ്റ് തയ്യാറാക്കി ചെറുപ്പക്കാരെ കൊല്ലുന്ന പാർട്ടി ആണ് സിപിഎം.
കോടതി വിധിയെ സിപിഎം നേതാക്കൾ വെല്ലു വിളിക്കുകയാണ്. പ്രതികളെ എന്ത് വില കൊടുത്തും സംരക്ഷിക്കും എന്നാണ് സിപിഎം നേതാക്കൾ പറയുന്നത്. കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബത്തിനൊപ്പം നീതി ലഭിക്കാൻ ഏതറ്റം വരെയും പോകും. കോൺഗ്രസും അവരുടെ കുടുംബവും ഒരുമിച്ച് നടത്തിയ പോരാത്തിൻ്റെ വിജയമാണ് കോടതി വിധിയെന്നും സതീശൻ പറഞ്ഞു. ജമാഅത്തെ സിപിഎമിനു ഒപ്പം ആയിരുന്നു. അപ്പോൾ അവർ ഇങ്ങനെ പറഞ്ഞിരുന്നില്ല. വർഗീയത ആര് പറഞ്ഞാലും അതിനെ നിഷ്പക്ഷമായി എതിർക്കും. കോൺഗ്രസ് അധികാരം കിട്ടാൻ വേണ്ടി ഒരു സഹകരണവും ചെയ്യില്ല. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണക്ക് നന്ദി പറഞ്ഞ് ദേശാഭിമാനി എഡിറ്റോറിയൽ വരെ എഴുതിയിട്ടുണ്ടെന്നും വിഡി സതീശൻ പ്രതികരിച്ചു.