ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷ കക്ഷികള്‍ വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വിവിധ സംസ്ഥാനങ്ങളും കേന്ദ്രവും തമ്മില്‍ സംഘട്ടനം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിന് നീക്കം നടക്കുന്നതെന്നാണ് വിവരം.
കോവിഡ് വിഷയത്തിലടക്കം കേന്ദ്ര സര്‍ക്കാരിനെതിരായ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുകയാകും യോഗത്തിലെ മുഖ്യ അജണ്ട. അതേസമയം യോഗസ്ഥലമോ തീയതിയോ ഇതുവരെ തീരുമാനിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മെയിലാണ് അവസാനമായി പ്രതിപക്ഷ കക്ഷികളുടെ യോഗം നടന്നത്. രാജ്യത്ത് കോവിഡ് വ്യാപനം തുടങ്ങുന്ന ഘട്ടത്തില്‍ നടന്ന വിര്‍ച്വല്‍ യോഗത്തില്‍ 22 പാര്‍ട്ടികളുടെ പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
കേന്ദ്രത്തിനെതിരെ വിവിധ സംസ്ഥാനങ്ങള്‍ പലപ്പോഴായി വിമര്‍ശനം ഉന്നയിച്ചതാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍, ജാര്‍ഖണ്ഡിന്റെ ഹേമന്ത് സോറന്‍ എന്നിവര്‍ വാക്‌സിന്‍ നയം യുക്തിപൂര്‍ണമാക്കുകയും സൗജന്യ വാക്‌സിന്‍ നടപ്പാക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ചത്തീസ്ഗഡ് സര്‍ക്കാരുകളും ജിഎസ്ടി അടക്കമുള്ള വിഷയങ്ങളില്‍ ഏറ്റവുമൊടുവില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കേണ്ട നിര്‍ണായക ഘട്ടമാണിതെന്ന് കഴിഞ്ഞ ദിവസം സിപിഐ സെക്രട്ടറി ഡി രാജയും പ്രതികരിച്ചിരുന്നു.