പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിൻ്റെ നിർമ്മാണ ഉദ്ഘാടനത്തിൽ നഗരസഭ കൗൺസിലിന് വേണ്ട പ്രാധാന്യം ലഭിച്ചില്ലെന്നുള്ള പ്രതിപക്ഷ ആരോപണം വസ്‌തുതയ്ക്ക് നിരക്കുന്നതല്ല എന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു. നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പാലിച്ചശേഷമാണ് ഉദ്ഘാടനം തീരുമാനിച്ചത്. കിഫ്‌ബി സഹായത്തോടെ 50 കോടി രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തികളുടെ കരാർ എടുത്തിട്ടുള്ളത് ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് സൊസൈറ്റി ആണ്. നിർമ്മാണ ചുമതല സംസ്ഥാന സ്പോർട്‌സ് വകുപ്പ് സ്പോർട്‌സ് ഫൗണ്ടേഷൻ കേരളയെയാണ് ഏൽപ്പിച്ചിട്ടുള്ളത്. നിർമ്മാണ ഉദ്ഘാടനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ക്രമീകരിക്കേണ്ടത് അവരാണ്.
ചടങ്ങിന് സ്വാഗതം ആശംസിച്ചത് നഗരസഭ ചെയർമാനാണ്. കൂടാതെ പ്രോഗ്രാം നോട്ടീസിൽ എല്ലാ കൗൺസിൽ അംഗങ്ങളുടെയും പേര് ഉൾപ്പെടുത്തിയിരുന്നു. സ്ഥലം എംഎൽഎ കൂടിയായ ആരോഗ്യ വകുപ്പ് മന്ത്രി സ്വന്തം ലെറ്റർപാടിൽ എല്ലാ കൗൺസിൽ അംഗങ്ങൾക്കും ക്ഷണക്കത്ത് നൽകിയിരുന്നു. സ്റ്റേഡിയം നിർമാണത്തിനായുള്ള ധാരണ പത്രത്തിൽ കൗൺസിൽ ഒപ്പ് വെച്ചത് വിശദമായ ചർച്ചക്ക് ശേഷമാണ്. നഗരസഭ കൗൺസിലിൻ്റെ പൂർണ്ണ ഉടമസ്ഥത ഉറപ്പുവരുത്തിയാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. സ്റ്റേഡിയം നടത്തിപ്പിനായി രൂപീകരിക്കുന്ന ജോയിൻ്റ് മാനേജിംഗ് കമ്മിറ്റിയുടെ ചെയർമാൻ നഗരസഭ ചെയർമാനാണ്. ധാരണ പത്രത്തിൽ ഇപ്പോഴും യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഇന്നത്തെ ഭരണസമിതിയുടെ ആദ്യ കൗൺസിൽ യോഗത്തിൽ എട്ടുമണിക്കൂർ ചർച്ച ചെയ്ത് സ്റ്റേഡിയം നിർമ്മാണത്തിനെതിരെ വോട്ട് ചെയ്തവരാണ് ഇപ്പോൾ മുതലക്കണ്ണീർ ഒഴുക്കുന്നത്.
നിർമ്മാണം തുടങ്ങാത്തതിൻ്റെ പേരിൽ നിരന്തരം കൗൺസിലിൽ ആക്ഷേപം ഉന്നയിച്ചവർ ഇപ്പോൾ എടുക്കുന്ന സമീപനം അവരുടെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നത്. മാതൃകാ പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിനു മുൻപായി രാജ്യത്താകെ ഉദ്ഘാടന പ്രവർത്തനങ്ങൾ നടക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടാൽ വരുന്ന മൂന്നു മാസക്കാലത്തേക്ക് സ്റ്റേഡിയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ കഴിയില്ല. അതുകൊണ്ടാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് തന്നെ എല്ലാ നടപടികളും പൂർത്തീകരിച്ച് നിർമ്മാണ ഉദ്ഘാടനം നടത്തിയത്. വളരെ പ്രധാനപ്പെട്ട അജണ്ടകൾ ചർച്ച ചെയ്യാനുള്ള യോഗം ഇല്ലാ കഥകൾ മെനഞ്ഞെടുത്ത് തടസ്സപ്പെടുത്തുകയാണ് പ്രതിപക്ഷം ചെയ്തത്.