ചെന്നൈ: അനധികൃതമായി സംഘടിപ്പിച്ച എന്‍സിസി ക്യാമ്പിനിടെ 13 പെണ്‍കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രം നടത്തുകയും ഒരു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കുകയും ചെയ്ത സംഭവത്തിൽ അധ്യാപകരടക്കം അറസ്റ്റിൽ. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുള്ള ബര്‍ഗുറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. വിഷയം സംഭവം മറച്ചുവെക്കാന്‍ ശ്രമംനടത്തിയെന്ന കണ്ടെത്തലിനേത്തുടർന്നാണ് സ്‌കൂളിലെ അധ്യാപകരും പ്രിന്‍സിപ്പലും അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ എന്‍സിസി യൂണിറ്റ് ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്‍സിസി യൂണിറ്റിന് യോഗ്യത ലഭിക്കാന്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കണമെന്ന് മാനേജ്‌മെന്റിനോട് പറഞ്ഞാണ് സംഘാടകര്‍ ക്യാമ്പ് നടത്തിയത്. ക്യാമ്പ് സംഘടിപ്പിക്കാനെത്തിയ സംഘടാകരുടെ പശ്ചാത്തലം സ്‌കൂള്‍ അധികൃതര്‍ പരിശോധിച്ചിരുന്നില്ല.
ഈ മാസം അഞ്ച് മുതല്‍ മൂന്ന് ദിവസത്തെ ക്യാമ്പാണ് സംഘടിപ്പിച്ചിരുന്നത്. 17 പെണ്‍കുട്ടികളടക്കം 41 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തിരുന്നത്. ഒന്നാംനിലയിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തിലാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരുന്നത്. താഴത്തെ നിലയില്‍ ആണ്‍കുട്ടികളും. അധ്യാപകര്‍ക്ക് ക്യാമ്പിന്റെ ചുമതലയുണ്ടായിരുന്നില്ല. തങ്ങളെ പുറത്ത് കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ ആരോപിച്ചിരിക്കുന്നത്.