കോന്നി : സംസ്ഥാന പോലീസ് വകുപ്പിൻ്റെ സഹകരണത്തോടെ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ഹയർ സെക്കൻ്ററി വിഭാഗവും സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പും സംയുക്തമായി ചേർന്ന് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുടെ ശാരീരിക മാനസികാരോഗ്യം സംരക്ഷിക്കുന്നതിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിൻ്റെയും പങ്ക് തിരിച്ചറിയുവാനും ഈ പ്രക്രിയയിൽ വിഘാതം സൃഷ്ടിക്കുന്ന വിവിധ സാഹചര്യങ്ങൾ ഒഴിവാക്കി മുന്നേറാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് സംഘടിപ്പിച്ചത്.
ലഹരിയുടെ കാണാക്കയങ്ങളിൽ അകപ്പെട്ട് ജീവിതസ്വപ്നങ്ങൾ അന്യമാകുന്ന പുതുതലമുറയ്ക്ക് തിരിച്ചറിവിൻ്റെ പാഠങ്ങൾ പകർന്നുനൽകുന്നതിലൂടെ നന്മയിലധിഷ്ഠിതമായ സാമൂഹികമാറ്റമാണ് ആഗ്രഹിക്കുന്നത്. ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം, വിപണനം, മദ്യം മയക്കുമരുന്ന് എന്നിവയുടെ വ്യാപനം, ഇവമൂലമുണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങൾ എന്നിവ ക്ലാസിൽ വിശദമായി ചർച്ച ചെയ്തു. ദൈനംദിന ജീവിത സാഹചര്യങ്ങളുമായി ബന്ധപ്പെടുത്തി നിരവധി സംഭവങ്ങളിലൂടെയും ഉദാഹരണങ്ങളിലൂടെയും കടന്നുപോയ ക്ലാസ് കുട്ടികൾക്ക് ഏറെ ഉപകാരപ്രദമായി. കോന്നി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീജിത്ത് പി. ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പാൾ സുനിൽ ആർ. അധ്യക്ഷതവഹിച്ച ചടങ്ങിൽ അധ്യാപകരായ പ്രമോദ് കുമാർ, ആശ എം.എസ്, സ്മിത കെ. നായർ എന്നിവർ പങ്കെടുത്തു.