റാന്നി : മാലിന്യമുക്ത ക്യാമ്പയിൻ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ ഹരിത പാർലമെന്റ് യഥാർത്ഥ പാർലമെന്റ് നടപടികൾ പാലിച്ചും ജവഹർ നവോദയ സ്കൂൾ ഓഡിറ്റോറിയം സഭാ ഹാളായി ക്രമീകരിച്ചും വ്യത്യസ്തമായി. ഗ്രാമപഞ്ചായത്തിലെ 15 സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 150 വിദ്യാർഥികൾ പ്രതിനിധികളും അധ്യാപക പ്രതിനിധികളും ഗ്രാമപഞ്ചായത്ത് അംഗങ്ങളും പ്രത്യേകം ക്ഷണിതാക്കളും ഉൾപ്പെടെ 210 പ്രതിനിധികൾ സമാജികരായി പങ്കെടുത്തു. ശിശുദിനം പ്രമാണിച്ച് ജവഹർലാൽ നെഹ്റുവിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയാണ് അംഗങ്ങൾ 9. 30 ന് സഭയിൽ പ്രവേശിച്ചത്. സ്പീക്കറുടെ ആമുഖ പ്രഭാഷണത്തിനു ശേഷം സഭാ നേതാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് ശുചിത്വ പ്രതിജ്ഞയ്ക്കുള്ള അനുമതി സ്പീക്കറോട് തേടുകയും അനുമതി നൽകി സ്പീക്കർ റൂളിംഗ് നൽകുകയും ജവഹർ നവോദയ സ്കൂൾ പ്രിൻസിപ്പൽ
സുധീർ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നതിനും അനുമതി നൽകി.
ശുചിത്വ പ്രതിജ്ഞയ്ക്കുശേഷം സഭാ നേതാവിന് ആമുഖപ്രഭാഷണത്തിന് ക്ഷണിച്ചു. തുടർന്ന് അടിയന്തര പ്രമേയത്തിന് സിഎംഎസ് എൽപി സ്കൂളിലെ പ്രതിനിധിയായ നാഥൻ ഫിലിപ്പ് നോട്ടീസ് നൽകുകയും അടിയന്തര പ്രമേയം അവതരിപ്പിക്കുകയും ചെയ്തു മിനി എംസിഎഫുകളുടെ പോരായ്മ ചൂണ്ടിക്കാട്ടി റോഡ്സൈഡിൽ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കെട്ടിവെച്ചു സൂക്ഷിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് അടിയന്തിര പ്രമേയത്തിന് അനുമതി തേടിയത്. മിനി എംസിഎഫ് സ്ഥാപിക്കുന്നതിന് 45 ലക്ഷം രൂപയുടെ പ്രൊജക്ടുകൾ രൂപീകരിച്ചിട്ടുണ്ട് എന്ന് സഭാ നേതാവിന്റെ മറുപടിയിൽ തർക്കം കൂടാതെ പ്രമേയം തള്ളിക്കളയണമെന്ന് ആവശ്യപ്പെടുകയും സ്പീക്കർ പ്രമേയം തള്ളിക്കളഞ്ഞതായി റൂളിംഗ് നടത്തുകയും ചെയ്തു. റൂളിംഗിൽ പ്രതിഷേധിച്ച് ചില സാമാജികർ ബഹളം വെച്ചെങ്കിലും ചോദ്യോത്തര വേളയിലേക്ക് ചോദ്യകർത്താക്കളെ ക്ഷണിച്ചപ്പോൾ സഭ ശാന്തമായി കാര്യപരിപാടികളിലേക്ക് കടന്നു. നേരത്തെ എഴുതി നൽകിയ 18 ചോദ്യങ്ങളാണ് വ്യത്യസ്ത സ്കൂളുകളിൽ നിന്നായി സാമാജികർ ഉന്നയിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ മറുപടി നൽകി. തുടർന്ന് പ്രമേയ അവതരണത്തിലേക്ക് കടന്നു. 15 സ്കൂളിലെ പ്രതിനിധികൾ പ്രമേയം അവതരിപ്പിക്കുകയും അതാത് സ്കുളുകളിലെ വിദ്യാർത്ഥി, അധ്യാപക രക്ഷകർത്താവ് പ്രതിനിധികൾ ഓരോരുത്തരായിപിന്തുണച്ച് സംസാരിച്ചു. തുടർന്ന് സീറോ അവറിലേക്ക് പ്രവേശിച്ചു. സീറോ അവറിൽ 20 ചോദ്യങ്ങളും ഉപ ചോദ്യങ്ങളും ഉണ്ടായി. മറുപടിയെ തുടർന്ന് ഗ്രാമപഞ്ചായത്ത് ശുചിത്വ മാലിന്യ റിപ്പോർട്ട് എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമദേവി എസ് അവതരിപ്പിച്ചു. തുടർന്ന് പ്രമേയങ്ങൾ മേലും റിപ്പോർട്ടിംഗ് മേലും പൊതു ചർച്ചയിൽ പങ്കെടുത്തു ശുചിത്വ മിഷന്‍ ജില്ല കോഡിനേർ ജൈസി നിർവ്വഹണ ഉദ്യോഗസ്ഥ അനില കെ.ബിനു പ്രത്യേക ക്ഷണിതാക്കളായ ടി.കെ.സാജു, ആര്‍ വരദരാജൻ രാജഗോപാൽ, വർഗിസ് മാത്യൂ, വിൽസൺ, സുരേഷ് കുമാർ, വൈസ് പ്രസിഡണ്ട് പൊന്നമ്മ ചാക്കോ, ഇ.വി.വർക്കി, രാജി വിജയകുമാർ, ഷാജി കൈപ്പുഴഎലിസബത്ത്, ജോയി ജോസഫ്, റെംസി ജോഷി, പ്രസന്ന എസ്, നഹാസ്, രാജൻ ടി.കെ, ജിനു, സ്കൾ പ്രതിനിധികളും സ്പീക്കർ അനുവദിച്ച നൽകിയ സമയത്ത് സംസാരിച്ചു. തുടർന്ന് സഭാ നേതാവ് മറുപടി പ്രസംഗം നടത്തി അംഗങ്ങൾ പ്രമേയം വഴി ചൂണ്ടിക്കാണിച്ച അടിയന്തര മായി ചെയ്യേണ്ട ആവശ്യങ്ങൾ പദ്ധതി റിവിഷനിൽ ഉൾപ്പെടുത്തി ഈ വർഷം തന്നെ നടപ്പിലാക്കുമെന്നും ചില നിർദ്ദേശങ്ങൾ അടുത്ത പദ്ധതി വർഷത്തിൽ ഉൾപ്പെടുത്തുമെന്ന് സഭയ്ക്ക് ഉറപ്പു നൽകി.
15 സ്കൂളിലെ പ്രതിനിധികൾ അവതരിപ്പിച്ച പ്രമേയങ്ങളും ശൂന്യവേളയിലും ചോദ്യോത്തര വേളയിലും അവതരിപ്പിച്ച ചോദ്യങ്ങളും സാമാജികരുടെ പ്രസംഗങ്ങളിൽ ഉന്നയിച്ച വിഷയങ്ങളും എല്ലാം ചേർത്ത് സമഗ്ര റിപ്പോർട്ട് ഉണ്ടാക്കി അര ദിവസത്തേയ്ക്ക് വീണ്ടും സഭ വിളിച്ചുചേർത്ത് അവതരിപ്പിക്കുന്നതായിരിക്കും എന്ന് സഭ നേതാവ് സഭയിൽ അറിയിച്ചു. കാര്യ ഉപദേശക സമിതിയുടെ ശുപാർശയിൽ പ്രകാരം സഭ അനിശ്ചിതകാലത്തേക്ക് പിരിയാം എന്ന ശുപാർശ അംഗീകരിച്ച സ്പീക്കർ അനിശ്ചിതകാലത്തേക്ക് സഭ പിരിഞ്ഞതായി അറിയിച്ചു. തുടർന്ന് നടന്ന മീറ്റിങ്ങിൽ സഭ നയിച്ച സ്പീക്കർമാർക്കും സ്കൂളുകൾക്കും സാമാജികൾക്കും ഉള്ള സർട്ടിഫിക്കറ്റുകളുടെ വിതരണം നടത്തി. 9 30 ന് തുടങ്ങിയ സഭ വൈകിട്ട് 5 30 ന് പിരിഞ്ഞു.