തിരുവല്ല: പി എം സ്വാനിധി വായ്പ എടുത്ത വഴിയോര കച്ചവടക്കാർക്ക് സ്വാനിധി സെ സമൃധി ക്യാമ്പും സാമ്പത്തിക സാക്ഷരതാ ക്ലാസും സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വഴിയോര കച്ചവടമേഖലയുടെ പുനരധിവാസത്തിനു നഗരസഭ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. കൗൺസിലർ ശ്രീനിവാസ് പുറയാറ്റ് അധ്യക്ഷത വഹിച്ചു. പ്രധാനമന്ത്രി സ്ട്രീറ്റ് വേണ്ടഴ്സ് ആത്മനിർഭർ നിധി പദ്ധതിയിൽ വായ്പ എടുത്ത വഴിയോര കച്ചവടക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി കേന്ദ്ര നഗര കാര്യ മന്ത്രാലയം ആവിഷ്കരിച്ചതാണ് സ്വാനിധി സെ സമൃധി പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി സോഷ്യോ എക്കണോമിക് പ്രൊഫൈലിങ് പൂർത്തീകരിച്ച വഴിയോര കച്ചവടക്കാരെ വിവിധ സാമൂഹിക സുരക്ഷാ സ്കീമുകളിൽ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പും സാമ്പത്തിക സാക്ഷരതാ ക്ലാസും സംഘടിപ്പിച്ചത്.
പുളിക്കീഴു ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കേന്ദ്രം കോർഡിനേറ്റർ ഷാന്റി വിവിധ സ്കീമുകളെക്കുറിച്ചുള്ള അവബോധം നൽകി. മാനേജർ അജിത്. എസ് പദ്ധതി വിശദീകരണം നടത്തി. ലീഡ് ബാങ്ക് മാനേജർ സിറിയക് തോമസ്, സിറ്റി പ്രൊജക്റ്റ് ഓഫീസർ ബിജു, സി ഡി എസ് ചെയർപേഴ്സൺമാരായ ഉഷാ രാജേന്ദ്രൻ, ഇന്ദിരാ ഭായ്, കമ്മ്യൂണിറ്റി ഓർഗനൈസർ അനു വി ജോൺ, നഗര കച്ചവട സമിതി അംഗങ്ങളായ റെജികുമാർ, പി ആർ കുട്ടപ്പൻ എന്നിവർ സംസാരിച്ചു. എസ്.ബി.ഐ. തിരുവല്ല ടൗൺ ബ്രാഞ്ച് ചീഫ് മാനേജർ അമ്പിളി, അസിസ്റ്റന്റ് മാനേജർ അരുൺ തോമസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, ജീവൻ ജ്യോതി ബീമാ യോജന, ജൻ ധൻ അക്കൗണ്ട് എന്നീ സ്കീമുകളിൽ വഴിയോര കച്ചവടക്കാരെ ഉൾപ്പെടുത്തി.