തൃശൂര്‍ : കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ അംഗീകൃതമല്ലാത്തതും സര്‍ക്കാര്‍ സഹായം ലഭിക്കാത്തതുമായ അഗതി-ആശ്രയ സ്ഥാപനങ്ങള്‍ക്കും ഇനി മുതല്‍ സൗജന്യ അരി വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അഗതിമന്ദിരങ്ങള്‍, ക്ഷേമസ്ഥാപനങ്ങള്‍, ക്ഷേമാശുപത്രികള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍, ശിശുഭവനങ്ങള്‍, ആതുര ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവര്‍ക്കാണ് സൗജന്യ അരി വിതരണം ചെയ്യുക.
ലിസ്റ്റ് ലഭ്യമാകുന്ന മുറയ്ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അരി വിതരണം ആരംഭിക്കും. ഇതുകൂടാതെ ജില്ലയില്‍ വെല്‍ഫെയര്‍ പെര്‍മിറ്റുള്ള സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച വിഹിതം സൗജന്യമായും നല്‍കും. സ്ഥാപനത്തിന്റെ ചുമതല ഉള്ളവര്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസറുമായി ബന്ധപ്പെട്ട് പട്ടികയില്‍ പേര് ഉണ്ടെന്ന് ഉറപ്പുവരുത്തി നിര്‍ദ്ദേശിക്കുന്ന എന്‍എഫ്എസ്എ ഗോഡൗണ്‍ അല്ലെങ്കില്‍ റേഷന്‍ കടകളില്‍ നിന്ന് സൗജന്യ അരി കൈപ്പറ്റണം. പട്ടികയില്‍ പേരില്ലാത്തവര്‍ ജില്ലാ സാമൂഹ്യനീതി ഓഫീസറുമായി ബന്ധപ്പെടണം. കൊടുങ്ങല്ലൂര്‍ താലൂക്കിലെ 56 നമ്പര്‍ റേഷന്‍കടയില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് സാധനങ്ങള്‍ കണ്ടുകെട്ടി റേഷന്‍ കടയുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്തിട്ടുണ്ട്.