പത്തനംതിട്ട : ഓര്‍ത്തഡോക്സ് സഭ നിര്‍ണായക ശക്തിയായ ആറന്മുള നിയോജക മണ്ഡലത്തില്‍ സഭയില്‍ നിന്നൊരാളെ സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കണമെന്ന ആവശ്യം ബി.ജെ.പിയില്‍ ശക്തമായി. അതിനാല്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് താത്പര്യമുള്ള ഒരു നേതാവിനെ രംഗത്തിറക്കാനാണ് ബി.ജെ.പി നേതൃത്വത്തിന് താല്‍പര്യം. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാന ഘട്ടത്തിലാണ്.
അതേസമയം ഓര്‍ത്തഡോക്സ് സഭാംഗമായ ഒരു മാധ്യമ പ്രവര്‍ത്തകനെ ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കുന്നതിനായി സന്ദര്‍ശിച്ചിരുന്നു. ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ മറ്റു പ്രവര്‍ത്തകരും ബി.ജെ.പി നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി വിവിധ ക്രൈസ്തവ സഭകളുടെ പിന്തുണ നേടാനുള്ള തീവ്ര ശ്രമങ്ങള്‍ ബി.ജെ.പി നടത്തിവരികയാണ്. ഇതോടൊപ്പം യാക്കോബായ സഭാധികൃതര്‍ ഉള്‍പ്പടെയുള്ള വിവിധ സഭാ മേലധ്യക്ഷന്മാരുമായി, കേന്ദ്ര മന്ത്രിമാരുള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു.
ബി.ജെ.പിക്ക് പരമ്പരാഗത വോട്ടുകളുള്ള ആറന്മുള മണ്ഡലത്തില്‍ 2019 ല്‍ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന കെ. സുരേന്ദ്രന് അന്‍പതിനായിരത്തിനടുത്ത് വോട്ട് ലഭിച്ചിരുന്നു . ഈ അവസരത്തില്‍ കോന്നി പോലെയുള്ള എ ക്ലാസ് മണ്ഡലമായാണ് ആറന്മുളയേയും ബി.ജെ.പി കാണുന്നത്. ഈ സാഹചര്യത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും ഓര്‍ത്തഡോക്സ് സഭാംഗങ്ങളെ മത്സര രംഗത്ത് ഇറക്കുമ്പോള്‍ ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള പിന്തുണ കൂടി ലഭിച്ചാല്‍ വന്‍ വിജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ബി.ജെ.പി നേതാക്കള്‍ക്കുള്ളത്.