ചങ്ങനാശ്ശേരി: ഭക്ഷണവും താമസവും അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് തെരുവിലിറങ്ങിയ അന്യസംസ്ഥാന തൊഴിലാളികള്‍ പിരിഞ്ഞു പോയി.
കോട്ടയം ജില്ലാ കളക്ടറും പോലീസ് മേധാവിയും നേരിട്ടുവന്ന് സ്ഥിതിഗതികള്‍ തൊഴിലാളികളെ പറഞ്ഞു ബോധ്യപ്പെടുത്തി. സ്വദേശങ്ങളിലേക്ക് പോകാന്‍ വാഹനം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. താമസ, ഭക്ഷണസൗകര്യങ്ങള്‍ ജില്ലാഭരണകൂടം ഉറപ്പുനല്‍കി.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് യാതൊരു ആശങ്കയും വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് പ്രത്യേക നിര്‍ദേശവും പിണറായി വിജയന്‍ നല്‍കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. വിവിധ ഭാഷകളിലും സന്ദേശം പുറത്തിറക്കിയിട്ടുണ്ട്. അതേസമയം തൊഴിലാളികള്‍ക്ക് ഭക്ഷണത്തിന്‍റെ പ്രശ്‌നമില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. അവരുടെ രീതിയിലുള്ള ഭക്ഷണം കിട്ടാത്തതാണ് പ്രശ്‌നമെന്നും കളക്ടര്‍ പറഞ്ഞു.