ചങ്ങനാശ്ശേരി: നാട്ടില്‍ പോകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് നൂറുകണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ തെരുവില്‍ കൂടിയിരിക്കുന്നു. ചങ്ങനാശ്ശേരി പായിപ്പാട് ജംഗ്ഷനില്‍ ആണ് എല്ലാ വിലക്കുകളും ലംഘിച്ച് ഇവര്‍ കൂടിയിരിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യവും ഒരുക്കിയിരുന്നുവെന്ന് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. താമസവും ഭക്ഷണവും ജില്ലാ ഭരണകൂടം ഉറപ്പുവരുത്തിയിരുന്നു. ഇപ്പോഴത്തെ ആവശ്യം നാട്ടിലേക്ക് പോകാനുള്ള വാഹനസൗകര്യം ഒരുക്കാനാണ്. ഇവര്‍ സംഘടിച്ചതിനു പിന്നില്‍ ബോധപൂര്‍വമായ ശ്രമമുണ്ടെന്ന് സംശയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇതരസംസ്ഥാന തൊഴിലാളികൾ റോഡിലേക്കിറങ്ങിയതിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. നാട്ടിലേക്ക് മടങ്ങി പോകാന്‍ സാഹചര്യം ഒരുക്കണമെന്നാവിശ്യപ്പെട്ടാണ് ഇവർ തെരുവിൽ ഇറങ്ങിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ ലോക്ഡൗൺ ലംഘനമാണിത്. അതേസമയം ജില്ലാ കളക്ടർ ഉടൻ സ്ഥലത്തെത്തും.
അതിനിടെ ഇതര സംസ്ഥാനക്കാരുടെ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. യാത്രാമാര്‍ഗം ഒരുക്കിയാല്‍ അവരെ അയയ്ക്കാന്‍ തയാറെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരളത്തിന് മാത്രമായി ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതരസംസ്ഥാനക്കാരുമായി ബന്ധപ്പെട്ട് മറ്റൊരു വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.