അഞ്ചല്‍ : പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരിയും കലാലയ കലാകേന്ദ്രം സ്ഥാപകയുമായിരുന്ന വടമണ്‍ ദേവകിയമ്മ (77) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് സ്വന്തം വസതിയിലായിരുന്നു അന്ത്യം.
കുട്ടിക്കാലം മുതല്‍ ഓട്ടന്‍ തുള്ളലിനോടുള്ള അഭിനിവേശം കേരളത്തിലെ അറിയപ്പെടുന്ന കലാകാരിയാക്കി ദേവകിയമ്മയെ വളര്‍ത്തി. ഓട്ടന്‍, പറയന്‍, ശീതങ്കന്‍ തുള്ളലുകള്‍ അനായാസേന വേദികളില്‍ അവതരിപ്പിക്കുമായിരുന്നു. നാടന്‍ കലകളുടെ പോഷണത്തിനാവശ്യമായി മൂന്ന് പതിറ്റാണ്ടുകള്‍ മുന്നേ വടമണ്‍ കേന്ദ്രമാക്കി കലാലയ കലാകേന്ദ്രം സ്ഥാപിച്ച ദേവകിയമ്മയെ സംസ്ഥാന സര്‍ക്കാരിന്റെ കുഞ്ചന്‍ നമ്പ്യാര്‍ പുരസ്കാരമടക്കം (1995) നിരവധി പുരസ്കാരങ്ങള്‍ തേടിവന്നിട്ടുണ്ട്.
സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിലടക്കം വിധികര്‍ത്താവായിരുന്ന ദേവകിയമ്മയ്ക്ക് ആയിരക്കണക്കിന് ശിഷ്യഗണങ്ങളുണ്ട്. ആകാശവാണി, ദൂരദര്‍ശന്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു. മക്കളും തുള്ളല്‍ കലാകാരന്മാരാണ്. സംസ്കാരം നാളെ രാവിലെ 9 ന് സ്വവസതിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കും.