ദില്ലി : ഇന്ത്യയിലേക്ക് 25000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ് നിര്‍മ്മിക്കാനായി നിര്‍മ്മാതാക്കള്‍ ഓവര്‍ടൈം ജോലി ചെയ്യുകയാണെന്ന് ചൈന. കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ ഇന്ത്യയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കമ്പനികളെന്നും ചൈന പറയുന്നു.
ഹോസ്പിറ്റല്‍ കിടക്കകള്‍, മരുന്നുകള്‍, ഓക്സിജന്‍ എന്നിവയടക്കമുള്ള ആരോഗ്യ ഉപകരണങ്ങള്‍ക്കുള്ള ആവശ്യവുമായി ചൈനയിലെ നിര്‍മ്മാതാക്കളെയാണ് ഇന്ത്യയിലെ നിര്‍മ്മാണ കമ്പനികള്‍ ആശ്രയിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ 25000 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സിനാണ് ഇന്ത്യയില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചത്. കാര്‍ഗോ വിമാനങ്ങളില്‍ ഇവ എത്തിക്കാനുള്ള ഒരുക്കത്തിലാണെന്നും ചൈനീസ് അംബാസിഡര്‍ സുന്‍ വേയ്ഡോംഗ് ട്വീറ്റ് ചെയ്തു.
ചൈനയുടെ സിച്വാന്‍ എയര്‍ലൈന്‍സ് ഇന്ത്യയിലേക്കുള്ള കാര്‍ഗോ വിമാനങ്ങള്‍ 15 ദിവസത്തേക്ക് റദ്ദാക്കിയത് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റേഴ്സ് അടക്കമുള്ള വസ്തുക്കള്‍ എത്തിക്കുന്നതിന് വെല്ലുവിളിയായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്തുള്ള അമേരിക്കന്‍ പ്രസിഡന്‍ന്റ് ജോ ബൈഡന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൈനയുടെ ട്വീറ്റ്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തിങ്കളാഴ്ച ഫോണിലൂടെ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയുടെ സഹായ വാഗ്ദാനമെത്തിയത്.