റാന്നി : കൊടുംവളവിൽ റോഡിനിരുവശവും കാടുകയറി കിടക്കുന്നത് കൂടുതൽ അപകടസാധ്യത ഉണ്ടാക്കുന്നു. റാന്നി-കുമ്പളന്താനം റോഡിൽ അരുവിക്കൽ ജംഗ്ഷന്‍ കഴിഞ്ഞുള്ള വളവിലാണ് ഈ സ്ഥിതി. വീതികുറഞ്ഞ റോഡിന്റെ ഒരുവശത്ത് തോടാണ്. ഈ ഭാഗത്ത് റോഡരികിൽ സംരക്ഷണവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതല്ലാം കാടുകയറി കിടക്കുകയാണ്. അപകടങ്ങൾ കൂടിയപ്പോൾ യുവജനസംഘടന വളവിൽ സ്ഥാപിച്ച കണ്ണാടിയുണ്ടെങ്കിലും കാട് വളർന്നു നിൽക്കുന്നതിനാൽ പ്രയോജനപ്പെടുന്നില്ല. റോഡിന്റെ റാന്നി മേനാതോട്ടം മുതൽ മുക്കുഴി വരെയുള്ള ഭാഗം പൊതുമരാമത്ത് വകുപ്പ് ടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കിയിരുന്നു.
നിരവധി ബസ് സർവീസുകളുള്ള റോഡാണിത്. വാഹനത്തിരക്കുള്ള പാതയിൽ അരുവിക്കലെ വളവ് യാത്രക്കാർക്ക് ഭീഷണിയാണ്. മുക്കുഴിയിൽനിന്ന് വരുന്ന വാഹനങ്ങൾ ഇവിടെയുള്ള വളവ് തിരിഞ്ഞെത്തുന്ന ഭാഗത്താണ് ഒരുവശത്ത് തോടുള്ളത്. വളവിൽ റോഡിന് വീതി വളരെക്കുറവും. ഇവിടെ സുരക്ഷ ഒരുക്കാനാണ് ഇരുമ്പുവേലി സ്ഥാപിച്ചത്. കാട് വളർന്നതോടെ ഇരുമ്പുവേലി ഉണ്ടെന്ന് പോലും അറിയാനാവാത്ത സ്ഥിതിയാണ്.
50 മീറ്ററിലധികം ദൂരത്ത് റോഡിന്റെ ഇരുവശത്തും കാടാണ്. നടന്നുപോകുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇരുഭാഗത്തുനിന്നും വാഹനങ്ങൾ വന്നാൽ നടന്നുപോകുന്നവർക്ക് കാട് പിടിച്ച ഭാഗത്തേക്ക് കയറിനിൽക്കുക മാത്രമേ മാർഗമുള്ളൂ. ഇതിന് അടുത്താണ് മൂന്നുപള്ളികളുള്ളത്. ഞായറാഴ്ച നിരവധി വിശ്വാസികളാണ് ഇതുവഴി നടന്ന് എത്താറുള്ളത്. അരുവിക്കലിലെ കടകളിൽ പോകേണ്ട മഠത്തകം ഭാഗത്തുനിന്ന് എത്തുന്നവരും ഇതുവഴിയാണ് എത്തേണ്ടത്. വളർന്ന് പന്തലിച്ചുനിൽക്കുന്ന കാട് വാഹന യാത്രക്കാർക്കൊപ്പം ഇവർക്കും ഭീഷണിയായി തുടരുന്നു.